സിനിമ സ്റ്റൈലിൽ തട്ടിപ്പ്; പൂമ്പാറ്റ സിനിയും സംഘവും അറസ്റ്റിൽ
കൊടകര മേല്‍പ്പാലത്തിനു മുകളില്‍ വെച്ച് സിനിമാ സ്റ്റൈലിൽ പണം തട്ടിയെടുത്തു
News18 Malayalam | November 4, 2019, 3:29 PM IST
1/ 4
സിനിമ സിനിമ സ്റ്റൈലില്‍ പണം തട്ടിയെടുത്ത സംഭവത്തില്‍ കുപ്രസിദ്ധ തട്ടിപ്പുകാരി പൂമ്പാറ്റ സിനിയടക്കം ഏഴുപേരെ കൊടകര പൊലിസ് അറസ്റ്റു ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശിനി പൂമ്പാറ്റ സിനി എന്ന ശ്രീജ(40) ഇവരുടെ കൂട്ടാളികളായ മണ്ണുത്തി ചിറക്കാക്കോട് കോട്ടിയാട്ടില്‍ സലീഷ് (29 ), ചിറ്റിലപ്പിള്ളി മുള്ളൂര്‍ എടത്തറ വീട്ടില്‍ അക്ഷയ്(23), കുട്ടനല്ലൂര്‍ പൊന്നേമ്പലത്ത് ആഷിക് (20), പട്ടിക്കാട് കുറുപ്പത്തുപറമ്പില് അജയ് (21), ഒല്ലൂര്‍ എടക്കുന്നി പൊട്ടനാട്ട് ഉല്ലാസ് (44), ചെങ്ങാലൂര്‍ വലഞ്ഞുപാടം നമ്പലത്ത് രാജീവ് (45) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മെയ് 23നായിരുന്നു കേസിനാസ്പദമായ സംഭവം.
2/ 4
രണ്ടാഴ്ചക്കു ശേഷം അഞ്ചുലക്ഷമായി തിരിച്ചു തരാമെന്ന വ്യവസ്ഥയില്‍ ചെങ്ങാലൂര്‍ സ്വദേശിയായ അനീഷ് എന്നയാളില്‍ നിന്ന് പൂമ്പാറ്റ സിനി മൂന്നു ലക്ഷം രൂപ വാങ്ങി. സമയം കഴിഞ്ഞിട്ടും പണം തരികെ കിട്ടാതായപ്പോള്‍ അനീഷ് ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടു. ചാലക്കുടിയിലെത്തിയാല്‍ പണം നല്‍കാമെന്ന് സിനി ഇയാള്‍ക്ക് വാക്കുകൊടുത്തു. ഇതനുസരിച്ച് സുഹൃത്തുക്കളായ സാഗര്‍, അനൂപ് എന്നിവരെ സിനിയില്‍ നിന്ന് പണം വാങ്ങാനായി അനീഷ് അയച്ചു. കൊടകര മേല്‍പ്പാലത്തിനു മുകളില്‍ വെച്ച് പണം കൈമാറാമെന്ന് സിനി പറഞ്ഞതനുസരിച്ച് ഇവര്‍ മേല്‍പ്പാലത്തിലെത്തിയപ്പോള്‍ കാറില്‍ കാത്തുനിന്ന സിനിയും കൂട്ടാളികളും പണമടങ്ങിയതെന്നു തോന്നിക്കുന്ന കവര്‍ ഇവര്‍ക്ക് കൈമാറി. ഈ സമയം ഡ്യൂക്ക് ബൈക്കില്‍ അതുവഴി വന്ന രണ്ടുപേര്‍ ഈ കവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെങ്കിലും ഡ്യൂക്ക് ബൈക്ക് മറിയുകയായിരുന്നു.
3/ 4
പണം തട്ടിയെുക്കാന് പൂമ്പാറ്റ സിനി ആസൂത്രണം ചെയ്ത നാടകമാണെന്നറിഞ്ഞ സാഗറും അനൂപും സംഭവസ്ഥലത്ത് നിന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. രണ്ടുകാറുകളിലും ഡ്യൂക്ക് ബൈക്കിലുമായി സിനിയടക്കം ഒമ്പതുപേര്‍ ഇവരെ പിന്തുടര്ന്നു. തങ്ങളെ പിന്തുടരുന്നതറിഞ്ഞ് സാഗറും അനൂപും രക്ഷപ്പെടാനായി സര്‍വ്വീസ് റോഡിലേക്ക് തിരിയുകയും എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയുമായിരു് കാറില്‍ പിന്തുടര്ന്നെത്തിയവര് ബൈക്കില്‍ നിന്ന് തെറിച്ചുവീണുകിടന്നിരുന്നവരില് നിന്ന് പണമടങ്ങിയ കവര്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
4/ 4
സാഗര്‍ കൊടകര പോലിസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അമ്പേഷണത്തിനൊടുവിലാണ് പ്രതികളില്‍ ഏഴുപേരെ പിടികൂടിയത്. സംഭവ ദിവസം ഇവര്‍ ഓടിച്ച ഡ്യൂക്ക് ബൈക്കും ഒരു കാറും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു കാര്‍ കണ്ടെത്താനായി അന്വേഷണം തുടരുന്നു. കേസില്‍ ശരത്, കിഷന് എന്നീ രണ്ടുപേരെ കൂടി പിടികിട്ടാനുണ്ട്. ഇവരില്‍ ശരത് സ്വര്‍ണ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവന്തപുരം ജയിലിലാണെന്ന് പൊലീസ് പറഞ്ഞു. കൊടകര സി.ഐ. വി.റോയ്, എസ്.ഐ. എന്‍.ഷിബു, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻറ് ചെയ്തു.