ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ സദാചാര ഗുണ്ടായിസം; കണ്ണൂരിൽ അഞ്ച് പേർ പിടിയിൽ
ആംബുലൻസിൽ കോവിഡ് രോഗിയുമായി പോയ ആരോഗ്യപ്രവർത്തകയെ പിന്തുടർന്നായിരുന്നു അധിക്ഷേപം
News18 Malayalam | November 30, 2020, 4:17 PM IST
1/ 6
കണ്ണൂരിൽ ആരോഗ്യ പ്രവർത്തകയെ അധിക്ഷേപിച്ച സദാചാര ഗുണ്ടകളെ പോലീസ് പിടികൂടി. എരുമം കുറ്റൂർ പഞ്ചായത്തിൽ കായപ്പൊയിലിലാണ് സംഭവം.
2/ 6
കോവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസിൽ എത്തിയതായിരുന്നു ആരോഗ്യപ്രവർത്തക.
3/ 6
എന്നാൽ വാഹനത്തിന് വഴി തെറ്റി. ആംബുലൻസിൽ സ്ത്രീയെ കണ്ട് സദാചാര ഗുണ്ടകൾ വാഹനത്തെ പിന്തുടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നാട്ടുകാർ ആരോഗ്യപ്രവർത്തകയുടെ രക്ഷയ്ക്കായി എത്തി.
4/ 6
ആംബുലൻസ് ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു. എന്നാൽ സഹോദരസംഘം പിന്നെയും ആംബുലൻസിനെ പിന്തുടർന്നു. കുറ്റൂർ കുവപ്പയിൽ വാഹനം കുറുകെയിട്ട് വീണ്ടും സംഘം ആംബുലൻസ് തടഞ്ഞു. ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുകയും ചെയ്തു.
5/ 6
ആരോഗ്യ പ്രവർത്തകർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലം എസ്ഐ മുരളിയും സംഘവുമെത്തിയാണ് ആരോഗ്യപ്രവർത്തകരെ മോചിപ്പിച്ചത്. പാണപ്പുഴ സ്വദേശി രാഹുൽ (23) കണ്ണാടിപ്പൊയിൽ സ്വദേശി വിജേഷ് (30), പറവൂർ സ്വദേശി ജിതേഷ് (27), കാനായി സ്വദേശി സ്വരാജ് (25), മണിയറ സ്വദേശി രഞ്ജിത്ത് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
6/ 6
നേരത്തേ കോവിഡ് ബാധിതയായ പെൺകുട്ടി 108 ആംബുലൻസിൽ പീഡനത്തിനിരയായ സാഹചര്യത്തിലാണ് ആരോഗ്യപ്രവർത്തകയെ കൂടി ആംബുലൻസിൽ നിയോഗിച്ചത്. വഴിതെറ്റി ചുറ്റി കറങ്ങുന്ന ആംബുലൻസിൽ അനാശാസ്യം നടക്കുന്നുണ്ടോ എന്നായിരുന്നു സദാചാര ഗുണ്ടകളുടെ സംശയം.