കൊല്ലം: കുളിമുറി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനേഴുകാരിയായ പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച സംഭവത്തിൽ ഇളയമ്മയും അറസ്റ്റിൽ. കഴിഞ്ഞ ദിവസം അമ്മാവന്റെ ഭാര്യ അറസ്റ്റിലായിരുന്നു. കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി. വിവിധയിടങ്ങളി പെൺകുട്ടിയെ പീഡിപ്പിച്ചവർക്കായി പോലീസ് അന്വേഷണം ശക്തമാക്കി.
രക്ത ബന്ധം മറന്ന പെൺവാണിഭത്തിന്റെ ചുരുളഴിയുകയാണ് കുരീപ്പുഴ പീഡനത്തിൽ. 17 കാരിയെ പലർക്കായി കാഴ്ചവച്ചതിൽ അമ്മായിക്കു പുറമേ അമ്മയുടെ അനുജത്തിയെ അഞ്ചാലുംമൂട് പോലീസാണ് അറസ്റ്റു ചെയ്തത്. ഇളയമ്മയെ കൂടാതെ കൊട്ടിയത്ത് ലോഡ്ജ് നടത്തിപ്പുകാരായ ദമ്പതികളും അറസ്റ്റിലായി. കൊട്ടിയം സ്വദേശികളായ സിജു ഭാര്യ മിനു എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ അമ്മായി ഉൾപ്പെടെ നാലുപേർ റിമാൻഡിലാണ്.
പെൺകുട്ടിയെ തിരുവനന്തപുരത്തെയും കൊല്ലത്തെയും ഹോം സ്റ്റേകളിലെയും കരുനാഗപ്പള്ളിയിലെ ലോഡ്ജിലുമെത്തിച്ചായിരുന്നു പീഡനം. കരുനാഗപ്പള്ളിയിലെ ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരും റിമാൻഡിലാണ്. ഇളയമ്മ ഉൾപ്പെടെയുള്ളവരെ കോടതിയിൽ ഹാജരാക്കും. പെൺവാണിഭത്തിലൂടെ പ്രതികൾ ലക്ഷങ്ങൾ സമ്പാദിച്ചതും പോലീസ് കണ്ടെത്തി.