റായ്പൂർ: വിവാഹത്തിന് പിന്നാലെ നവദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ബ്രിജ്നഗർ നിവാസിയായ അസ്ലം (24), രാജതലബ് നിവാസിയായ കഹ്കാഷ ബാനോയെ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. വീടിനുള്ളിലെ സ്വിമ്മിങ് പൂളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തിക്രപാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബ്രിജ്നഗറിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
വിവാഹ സൽക്കാരം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. നവവധുവിനെ കുത്തിക്കൊന്നശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിവാഹത്തിന് പിന്നാലെ നവദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹം നടന്നത്. ചൊവ്വാഴ്ച രാത്രി റായ്പൂരിലെ സീരത്ത് ഗ്രൗണ്ടിൽ ഇവരുടെ വിവാഹ സൽക്കാരം നടക്കാനിരിക്കുകയായിരുന്നു. ദമ്പതികൾ അവരുടെ മുറിക്കുള്ളിൽ ചടങ്ങിനായി ഒരുങ്ങുമ്പോൾ വരന്റെ അമ്മ വധുവിന്റെ നിലവിളി കേട്ട് വാതിലിൽ മുട്ടി. തുടർന്ന് വാതിൽ തുറക്കാതെയായതോടെ. ജനലിലൂടെ നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ഒരു കത്തി കണ്ടെടുത്തുവെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം തിങ്കളാഴ്ച രാത്രിയിലും നവദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായും, ബന്ധുക്കൾ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയുമായിരുന്നു. ഇരുവരും പ്രണിയിച്ചാണ് വിവാഹം കഴിച്ചത്. എന്നാൽ യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് നവദമ്പതികൾ തമ്മിൽ വഴക്കുണ്ടായത്.