കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത്ത്, കെ ടി റമീസ് എന്നിവർക്കെതിരെയാണ് ആദ്യ ഘട്ട കുറ്റപത്രം. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായർ കുറ്റപത്രത്തിൽ മാപ്പുസാക്ഷിയാണ്. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി രാധാകൃഷ്ണപിള്ളയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ യുഎപിഎ നിലനിൽക്കുമെന്നും കുറ്റപത്രം വ്യക്തമാക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രാരംഭ കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ഇനിയും കേസിൽ പിടികൂടാനുള്ള പ്രതികൾക്കെതിരേ അന്വേഷണം നടത്തി അവരെ പിടികൂടുന്ന മുറയ്ക്ക് കൂടുതൽ കുറ്റപത്രങ്ങളും കോടതിക്കു മുന്നിലെത്തും. കേസുമായി ബന്ധപ്പെട്ട 35 പേരിൽ 21 പേരെ മാത്രമാണ് നിലവിൽ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവരിൽ ചിലർ വിദേശത്തുണ്ട്.
വിദേശത്തുള്ളവരെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇനി പൂർത്തികരിക്കാനുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി റെബിൻസിനെ വിദേശത്തുനിന്ന് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താൻ എൻഐഎയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട ചില പ്രധാന പ്രതികൾ ഇപ്പോളും വിദേശത്താണ്.