കൊച്ചി: വർഷാവസാന ദിവസം പുലർച്ചെയാണ് എറണാകുളം ചേലാമറ്റത്തെ നാലംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ വാർത്ത നാടിനെ നടുക്കിയത്. ചിട്ടി നടത്തിയുണ്ടായ കടക്കെണിയെ തുടർന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, മരിക്കുന്നതിനു മുമ്പ് വീടിന്റെ മതിലിൽ രണ്ട് കുറിപ്പുകൾ എഴുതി വച്ചിരുന്നു. കൂടാതെ, വീടിന്റെ ചുമരിൽ മൃതദേഹം കാണാൻ ആരെയും അനുവദിക്കരുതെന്നും എഴുതി വച്ചിട്ടുണ്ട്.
'ഞങ്ങൾ പോകുകയാണ്. ശവസംസ്കാരത്തിനുള്ള പണം സ്വർണം വിറ്റ് ഉണ്ടാക്കണം' - എന്നായിരുന്നു ഒരു കത്തിൽ എഴുതിയിരുന്നത്. കത്തുകളിൽ ഒന്നിൽ അമ്പിളിയുടെ താലിയും മകൾ ആദിത്യയുടെ രണ്ടു കമ്മലുകളും പൊതിഞ്ഞു വച്ചിരുന്നു. അതേസമയം, വീടിന്റെ ചുമരിൽ മൂന്നിടത്തായി ബന്ധുക്കളെ ആരെയും മൃതദേഹം കാണാൻ അനുവദിക്കരുതെന്നും എഴുതി വച്ചിട്ടുണ്ട്.
പ്രദേശത്ത് ചിട്ടി നടത്തി തകർന്നതോടെയാണ് ബിജു വലിയ കടക്കാരനായത്. നാട്ടുകാരുടെ കൈയിൽ നിന്ന് ഉൾപ്പെടെ ഇയാൾക്ക് ലക്ഷങ്ങളുടെ കടമുണ്ടായിരുന്നു. പണം ലഭിക്കാനുള്ളവർ ബിജുവിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. ഡിസംബർ 31ന് പണം തിരിച്ചു നൽകുമെന്ന് ആയിരുന്നു ബിജു പലരോടും പറഞ്ഞിരുന്നത്. എന്നാൽ, ഈ വാക്ക് പാലിക്കാൻ ബിജുവിന് കഴിയാതിരുന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.
സമീപത്തു തന്നെ ബന്ധുക്കൾ താമസിക്കുന്നുണ്ടെങ്കിലും ആരുമായും ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് വിവരം. ബുധനാഴ്ച രാത്രി 11 മണിവരെ വീട്ടിൽ വെളിച്ചമുണ്ടായിരുന്നതായി അയൽപക്കക്കാർ പറഞ്ഞു. പെരുമ്പാവൂർ ചേലാമറ്റം പാറപ്പുറത്തുകുടി വീട്ടിൽ പത്മനാഭന്റെ മകൻ ബിജു (46), ഭാര്യ അമ്പിളി (39), മകൾ ആദിത്യ (15), മകൻ അർജുൻ (13) എന്നിവരെയാണ് കഴിഞ്ഞദിവസം വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)