കൊച്ചി; യു എ ഇ യിൽ ജോലി വാഗ്ദാനം ചെയ്ത് നഴ്സുമാരെ കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ റിക്രൂട്ടിംഗ് ഏജൻസിയുടമ ഉൾപ്പെടെ രണ്ടുപേർ കൊച്ചിയിൽ അറസ്റ്റിൽ.കലൂർ ടേക്ക് ഓഫ് റിക്രൂട്ടിംഗ് ഉടമ ഫിറോസ് ഖാൻ, തട്ടിപ്പിന് ഗൾഫിൽ കൂട്ടുനിന്ന എറണാകുളം സ്വദേശി അബ്ദുൾ സത്താർ എന്നിവരെയാണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ഞൂറിലധികം നഴ്സുമാരാണ് തട്ടിപ്പിന് ഇരയായത്. കോവിഡ് വാക്സിൻ വിതരണത്തിനായി ഗൾഫിൽ നഴ്സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നല്കിയായിരുന്നു പ്രതികൾ തട്ടിപ്പ് നടത്തിയത്.
കേരളത്തിൻറെ പലഭാഗങ്ങളിൽ നിന്നായി നിരവധി നഴ്സുമാരാണ് തട്ടിപ്പിന് ഇരയായത്. ഗൾഫിൽ ഉയർന്ന ജോലിയും മറ്റാനുകൂല്യങ്ങളും വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ പരസ്യം.അഞ്ഞൂറിലധികം പേരിൽ നിന്നാണ് പണം തട്ടിയെടുത്തത്. രണ്ടര ലക്ഷം രൂപയാണ് ഓരോരുത്തരിൽനിന്നും വാങ്ങിയത്. ഒന്നര ലക്ഷം രൂപ ശമ്പളം, സൗജന്യ താമസം ,ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനം. കലൂരിലെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ ഇൻറർവ്യൂ നിന്നാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്. പിന്നീട് റിക്രൂട്ട്മെൻറ് ചാർജ് ഇനത്തിലും മറ്റുമായി ഇവരിൽ നിന്ന് പണം ഈടാക്കുകയായിരുന്നു. ഗൾഫ് മേഖലയിൽ ആശുപത്രികളിലേക്ക് നേഴ്സുമാരെ കൂടുതൽ ആവശ്യം ഉണ്ടെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്.
കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിനു വേണ്ടി ആണ് ഇത്ര തിടുക്കത്തിൽ നഴ്സുമാരെ റിക്രൂട്ട്മെൻറ് ചെയ്യുന്നതെന്നും ഇവർ പറഞ്ഞു. വാക്സിൻ വിതരണം വളരെ വേഗം പൂർത്തിയാക്കാൻ ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിടുന്നുണ്ട്. അതു കൊണ്ടു തന്നെ സർക്കാർ മേഖലയിലായിരിക്കും ഇവരുടെ നിയമനമെന്ന് ഉദ്യോഗാർത്ഥികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. പലരും വലിയ രീതിയിലുള്ള അന്വേഷണത്തിന് മുതിരാതെ ആണ് പണം നൽകിയത്. കാരണം യൂറോപ്യൻ രാജ്യങ്ങളിലേക്ക് സമാനമായ രീതിയിൽ നേരത്തെ പല റിക്രൂട്ട്മെൻറ്കളും ശരിയായ രീതിയിൽ മറ്റ് ഏജൻസികൾ നടത്തിയിരുന്നു .
തട്ടിപ്പിനിരയായ പലരുടെ സുഹൃത്തുക്കളും ഇതുവഴി ജോലി നേടിയിട്ടുണ്ട് എന്ന് പറയുന്നു. അതു കൊണ്ടു തന്നെ ഇതും ശരിയായിരിക്കും എന്ന ധാരണയായിരുന്നു പണം നൽകിയത്.എന്നാൽ നഴ്സിംഗ് വിസയെന്ന വ്യാജേന വിസിറ്റിംഗ് വിസ നൽകി ഇവരെ വഞ്ചിക്കുകയായിരുന്നു. തുടർന്ന് മുറിയിൽ അടച്ചിട്ട് മസാജ് സെൻറർ, ഹോം കെയർ ജോലികൾക്കായി പോകാൻ നിർബന്ധിച്ചതായാണ് പരാതി. കൊവിഡ് വാക്സിൻ നൽകുന്ന ജോലിക്ക് ഇപ്പോൾ ഒഴിവില്ലെന്ന് ഏജൻറ് പറഞ്ഞു. പകരം മറ്റ് ജോലിക്കു പോകണം എന്ന് ആവശ്യപ്പെട്ട് ഫിറോസ് ഖാൻ്റെ ഏജൻറ് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.
എ സി പി, എ ജെ തോമസിൻറെ നേതൃത്വത്തിൽ പ്രതികളെ കലൂരിലെ റിക്രൂട്ടിംഗ് സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പു നടത്തി.സമാനമായ മറ്റ് തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നാണ് ഫിറോസ് ഖാനും, സത്താറും പിടിയിലായത്.നഴ്സായ പത്തനാപുരം സ്വദേശി റീന രാജൻ്റെ പരാതിയിലായിരുന്നു അന്വേഷണം .