മുംബൈ: ഓൺലൈൻ ബാങ്കിങ് ഇടപാടുകളിൽ പുതിയ തട്ടിപ്പു രീതികൾ പൊലീസിന് തലവേദനയാകുന്നു. മുംബൈയിൽ ഒടിപി പോലും പങ്കുവെക്കാതെ യുവാവിന് നഷ്ടമായത് 75000 രൂപ. മുംബൈയിലെ പോവായ് പൊലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മെസേജിങ് ആപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പാണ് ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകാർ പയറ്റുന്ന പുതിയ തന്ത്രമെന്ന് ഈ കേസ് വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 27ന് 45കാരനായ പ്രദീപ് പ്രഭാകര്‍ പ്രഭാത ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിനെ തുടർന്നാണ് 75000 രൂപ നഷ്ടമായത്. ഭക്ഷണത്തിനായി ഗൂഗിളിൽ സെർച്ച് ചെയ്തു കണ്ടെത്തിയ റോമ കഫേയുടെ നമ്പരിൽ വിളിച്ചാണ് പ്രദീപ് പ്രഭാകർ ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണത്തിനായി വിളിച്ചെങ്കിലും തിരിച്ചുവിളിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. കൃത്യം രണ്ടു മിനിട്ട് കഴിഞ്ഞപ്പോൾ തിരികെ വിളി വന്നു. പേമെന്റ് എങ്ങനെയാണെന്നായിരുന്നു ചോദ്യം. ഭക്ഷണം എത്തിക്കുമ്പോൾ പണമായി നൽകാമെന്ന് പ്രദീപ് പ്രഭാകർ മറുപടി നൽകി. എന്നാൽ അത് പറ്റില്ലെന്നും കോവിഡ് ആയതിനാൽ ഓൺലൈൻ പേമെന്റ് മാത്രമെ സ്വീകരിക്കുവെന്നും വിളിച്ചയാൾ മറുപടി നൽകി. അതിനുപിന്നാലെ വാട്സാപ്പിലേക്ക് അവർ ഒരു ലിങ്ക് അയച്ചു നൽകി.
'സ്പ്രിങ് എസ്. എം. എസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ആയിരുന്നു അത്. അതിനുശേഷം ഓൺലൈൻ ബാങ്കിങ് മുഖേന ഭക്ഷണത്തിനുള്ള 350 രൂപ കൈമാറുകയും ചെയ്തു. സ്പിങ് ആപ്പിൽ എസ്. എം. എസ് ഫോര്‍വേഡിനായി ഞാന്‍ ഒരാളുടെയും നമ്പര്‍ ആഡ് ചെയ്തില്ല. എന്നാല്‍ ആപ്പ് ഡൗണ്‍ലോഡായതിന് തൊട്ടുപിന്നാലെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കപ്പെട്ടതായി വ്യക്തമാക്കുന്ന എസ് എം എസ് സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. തുടരെ തുടരയായി അക്കൌണ്ടിൽനിന്ന് പിൻവലിക്കപ്പെട്ടത് 75000 രൂപയായിരുന്നു. 350 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തപ്പോഴാണ് 75000 രൂപ നഷ്ടമായത്. ഉടന്‍ ബാങ്കില്‍ വിളിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്തു. ഫോണില്‍ സംസാരിച്ചയാള്‍ വളരെ മാന്യമായിട്ടായിരുന്നു ഇടപെട്ടത്. അത് തട്ടിപ്പാണെന്ന് ഞാന്‍ അറിഞ്ഞില്ല' -പ്രദീപ് പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിറ്റേ ദിവസം ബാങ്കിലെത്തി പ്രദീപ് നേരിട്ട് പരാതി നൽകിയെങ്കിലും ഇത് തട്ടിപ്പാണെന്ന് അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെ ബാങ്ക് മാനേജരുമായി പ്രദീപ് തർക്കിക്കുകയും ചെയ്തു. ഇതോടെയാണ് പോവായ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പരാതി സൈബർ സെല്ലിന് കൈമാറിയതോടെ, സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു. ഒടുവിൽ മെസേജിങ് ആപ്പ് വഴിയുള്ള തട്ടിപ്പ് രീതി പൊലീസ് പുറത്തുകൊണ്ടുവരികയായിരുന്നു.
മുമ്പൊക്കെ തട്ടിപ്പുകാർ ഒടിപി, എടിഎം കാർഡ് പിൻ നമ്പർ എന്നിവ കൈവശപ്പെടുത്തിയോ, മറ്റേതെങ്കിലും രീതിയിൽ, അവ റെക്കോർഡ് ചെയ്തോ ആണ് തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ ഒടിപി പങ്കുവെക്കരുതെന്ന ബാങ്ക് അധികൃതരുടെ നിരന്തരമായ മുന്നറിയിപ്പുകൾ കാരണം, തട്ടിപ്പുകാർ പുതിയ വഴികൾ കണ്ടെത്തിയിരിക്കുകയാണ്. ബൾക്കായി മെസേജ് ചെയ്യാവുന്ന എസ്എംഎസ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിച്ചുകൊണ്ടു ഒടിപി തട്ടിയെടുക്കുന്ന രീതിയാണ് ഇവർ പരീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പ് വ്യാപകമാകുന്നതായി മുംബൈ പൊലീസിലെ സൈബർ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അതേസമയം തട്ടിപ്പുരീതി കണ്ടെത്തിയെങ്കിലും പ്രദീപ് പ്രഭാകറിന്റെ പണം തട്ടിയെടുത്ത ആളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.