ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി അമല്‍ ബിഎസി നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ്. അച്ഛന് ഓട്ടോറിക്ഷ തൊഴിലാളിയാണ് . തുടര്‍ പഠനത്തിന് പണം പ്രതിസന്ധിയായ ഘട്ടത്തിലാണ് അമല്‍ ഹൈപ്പ് എന്ന സൈറ്റ് മുഖാന്തരം ജോലിക്ക് ശ്രമിക്കുന്നത്. പല പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളുടെ പ്രമോഷന്റെ ഭാഗമായി ഉത്പ്പന്നങ്ങള്‍ വാങ്ങണം. പിന്നീട് ചിലവായ തുകയും കമ്മീഷനും സഹിതം തിരികെ നല്‍കും. അമൽ ആദ്യം ബുക്ക് ചെയ്തത് 100 രൂപയുടെ ഹെഡ്സെറ്റ് ആണ്. പത്ത് ശതമാനം കമ്മീഷൻ ഉൾപ്പടെ 110 രൂപ അമലിന് ലഭിച്ചു. അടുത്തത് ആദ്യത്തേതുപോലെ വില കുറഞ്ഞ ഉത്പ്പന്നങ്ങൾ തന്നെയായിരുന്നു.
ഹോസ്റ്റലിൽ താമസിക്കുന്ന അമൽ കൈയ്യിൽ കരുതിയിരുന്ന പണം ഉപയോഗിച്ച് രണ്ടാമത്തെ ഓഡറും കംപ്ലീറ്റ് ചെയ്തു. 1850 രൂപ കമ്മീഷൻ സഹിതം തിരികെ കിട്ടി ഇനി മൂന്നാം ഘട്ടം. 5299 രൂപയുടെ വാഷിംഗ് മെഷീനായിരുന്നു ആദ്യ ഉത്പ്പന്നം. പണം നല്കി. അവിടെനിന്നും തട്ടിപ്പിന്റെ ഒന്നാംഘട്ടം തുടങ്ങുന്നു. തുടര്‍ന്ന് സൈറ്റില്‍ വന്ന ഉത്പ്പന്നങ്ങളിൽ വിലകൂടിയവ നാൽപ്പത്തി ഒമ്പതിനായിരം രൂപയുടെ ഉത്പ്പന്നങ്ങൾ വീതം വാങ്ങിയില്ലെങ്കില്‍ ആദ്യത്തെ തുക നഷ്ടപ്പെടും.
വീട്ടുകാരറിയാതെ വിദ്യാര്‍ത്ഥി പലയിടങ്ങളില്‍ നിന്നായി പണം സംഘടിപ്പിച്ച് മറ്റ് ഉത്പ്പന്നങ്ങളും ബുക്ക് ചെയ്തു. കാരണം അയ്യായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റമ്പത് രൂപ അമലിനെ പോലെ സാധാരണ കുടുംബത്തിലെ ഒരാൾക്ക് ഉപേക്ഷിക്കാനാകുമായിരുന്നില്ല. പലയിടങ്ങളിൽ നിന്നായി പണം ശേഖരിച്ചു. എൺപത്തി അയ്യായിരം രൂപയുടെ മൂന്നാം റൗണ്ട് പൂർത്തീകരിച്ചു.
പണം മുഴുവനായി ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ട ശേഷം സമയപരിമിധി കഴിഞ്ഞു എന്ന് സന്ദേശത്തോടെ സൈറ്റ് ബ്ലോക്കായി. പിന്നീട് വാട്സപ്പിലൂടെയുള്ള കമ്പനി അധികൃതരുമായുള്ള ബന്ധവും ഇല്ലാതായി. എണ്‍പത്തി അയ്യായിരത്തില്‍പ്പരം രൂപയാണ് ദിവസങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും നഷ്ടമായത്. ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്തുക പ്രയാസകരമാണെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ.
കോവിഡ് കാലത്ത് വരുമാനം നിലച്ച രക്ഷകർത്താക്കളും പ0നം ലാപ്പ്ടോപ്പുകളിലേക്ക് ചുരുങ്ങിയ വിദ്യാർത്ഥികളുമാണ് ഏറെയും തട്ടിപ്പിന് ഇരയാകുന്നത്. ഓൺലൈൻ സൈറ്റുകൾ സൈബർ നിയമപ്രകാരം ബ്ലോക്ക് ചെയ്യപ്പെട്ടാലും ദിവസങ്ങൾക്കുള്ളിലാണ് കൂണുകൾ പോലെ പൊട്ടി മുളക്കുന്നത്. ശക്തമായ സൈബർ നിയമങ്ങളിലുള്ള പോരായ്മയും തട്ടിപ്പ് കാർ നന്നായി ദുരുപയോഗം ചെയ്യാറുണ്ട്. വർക്ക് ഫ്രം ഹോം സ്റ്റാറ്റസിലാണ് ജോലികളിൽ ഏറിയതും. കോവിഡ് ഭീഷിണിയിൽ യാത്ര ചെയ്യാനൊക്കെ തടസം ഉള്ളതിനാൽ ആളുകൾക്ക് വർക ഫ്രം ഹോം ജോലികളോട് താത്പപര്യവും ഏറുന്നു. ഈ തക്കം മുതലാക്കിയാണ് തട്ടിപ്പ് കാരുടെ വല വീശൽ. എന്തായാലും നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തന്നെയാണ് കുടുംബത്തിൻ്റെ തീരുമാനം.