ഹൈദരാബാദ്: 'ഞങ്ങളുടെ മകൾക്ക് നീതി കിട്ടി'- പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഏറ്റുമുട്ടൽ നടന്നതിലും പ്രതികളെ കൊന്നതിലും സന്തുഷ്ടരാണ്. ഇപ്പോൾ അവളുടെ ആത്മാവിന് ശാന്തി ലഭിച്ചിട്ടുണ്ടാകും. കുറ്റവാളികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്നും അവർ പ്രതികരിച്ചു. പ്രതികൾ അർഹിച്ച ശിക്ഷയാണ് ലഭിച്ചതെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അവർ പറഞ്ഞു.
ഇന്ന് പുലർച്ചെ 3.30ഓടെയാണ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പിനിടെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിക്കവെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവം നടന്ന ഷാദ്നഗറിനടുത്തുള്ള ചതൻ പല്ലിയിൽ പ്രതികളെ ഇന്ന് പുലർച്ചെ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. തെളിവെടുപ്പിനൊപ്പം സംഭവം പുനരാവിഷ്ക്കരിക്കാനും പൊലീസ് ശ്രമിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ കൊണ്ടുവന്നത്. സംഭവം പുനരാവിഷ്ക്കരിച്ച് കാണിക്കാൻ പറഞ്ഞപ്പോൾ പ്രതികളെ പൊലീസിനെ തള്ളിയിട്ട് ഓടിരക്ഷപെടാൻ ശ്രമിക്കുകയും, അതോടെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുമായുള്ള ഏറ്റുമുട്ടലിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇക്കഴിഞ്ഞ നവംബർ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോൾ ഗേറ്റിന് സമീപംവെച്ച് വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി. മൃതദേഹം ലോറിയിൽ കൊണ്ടുപോയി ഷാദ്നഗറിനടുത്തുള്ള ചതൻ പല്ലി അണ്ടർ ബ്രിഡ്ജിൽവെച്ച് കത്തിക്കുകയായിരുന്നു. ഈ സംഭവം തെലങ്കാനയിലും രാജ്യത്തുടനീളവും വലിയ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു. നാദിരോദുവിനെ വധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന പോലീസ് നാല് പ്രതികളെയും കണ്ടുമുട്ടുന്നു.