കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ ഒരാളെ മാപ്പുസാക്ഷിയാക്കി മറ്റെയാളെ പ്രതിയാക്കി നിലനിർത്തി മുഖം രക്ഷിക്കാനാണ് നീക്കം നടത്തുന്നതെന്ന് താഹയുടെ സഹോദരൻ ഇജാസ്. നാലുമാസം മുമ്പ് അറസ്റ്റു ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന അലൻ ശുഹൈബിനും താഹ ഫസലിനും എതിരെ തെളിവ് കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യത്തിലാണിതെന്നും ഇജാസ് ആരോപിച്ചു.
ഒരാളെ മാപ്പുസാക്ഷിയാക്കുവാൻ നീക്കം നടക്കുന്നതായി ജയിലിലെ കൂടിക്കാഴ്ച്ചയില്‍ താഹയും സൂചന നല്‍കിയിരുന്നു. കുടുംബത്തിനും ഈ കാര്യത്തില്‍ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. അലനെ പ്രതിയാക്കി താഹയെ മാപ്പു സാക്ഷിയാക്കുവാന്‍ കുടുംബം എന്ന നിലയില്‍ ഒരിക്കലും തങ്ങള്‍ കൂട്ട് നില്‍ക്കില്ല. മറിച്ചൊരു സാഹചര്യം ഉണ്ടായാൽ അലനും അതിന് കൂട്ട് നിൽക്കുമെന്നോ, ഒറ്റികൊടുക്കുമെന്നോ കരുതുന്നില്ലെന്ന് ഇജാസ് പറഞ്ഞു.
സംസ്ഥാന പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. കേസിലെ പ്രതികളായ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ. ചുമത്തിയതിനാല്‍ കേസ് എന്‍.ഐ.എ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഡി.ജി.പിക്കും ചീഫ് സെക്രട്ടറിക്കും കത്തയയ്ക്കുകയായിരുന്നു.