കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പോലീസിൻറെ വൻ സ്വർണവേട്ട. സ്വർണക്കടത്തുകാരെയും സഹായികളേയും പോലീസ് സംഘംപിടികൂടി. സ്വർണ്ണം കടത്തിയ മൂന്നുപേരും ഇവരെ കൊണ്ടുപോകാൻ വന്ന ഏഴുപേരും മൂന്നു വാഹനങ്ങളും പോലീസ് പിടിയിലായി. മൂന്ന് പേരിൽ നിന്നായി 2.675 കിലോ ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം ആണ് പിടികൂടിയത്. കരിപ്പൂരിൽ ഇത്തവണ പിടിച്ചെടുത്ത സ്വർണത്തിൻ്റെ മൂല്യം ഒന്നര കോടി രൂപയിൽ അധികം വരും.
ദുബായിൽ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീൻ, ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഇ കെ ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി എന്നിവരാണ് ആദ്യം അറസ്റ്റിലായത്. അഫ്രുദീനെ സ്വീകരിക്കാനെത്തിയ കണ്ണൂർ സ്വദേശികളായ മൊയ്തു, സിയാദ്, റാസിഖ്, തലശ്ശേരി സ്വദേശി അജാസ് എന്നിവരെയും പോലീസ് പിടികൂടി. 822 ഗ്രാം സ്വർണം മൂന്ന് ക്യാപ്സ്യൂളുകളിൽ ഒളിപ്പിച്ച് ആണ് അഫ്രുദീൻ കടത്താൻ ശ്രമിച്ചത്.
ഷാർജയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഇ.കെ. ആബിദിൻ്റെ കൂടെ പിടിയിൽ ആയത് കോഴിക്കോട് സ്വദേശി മുഹമ്മദ് ഫൈസൽ ആണ്. 1.038 Kg സ്വർണ മിശ്രിതം 4 ക്യാപ്സ്യൂളുകളിൽ ആയാണ് ആബിദ് ശരീരത്തിനുള്ളിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചത്. കോഴിക്കോട് സ്വദേശികളായ അനസ്, ഇർഷാദ് എന്നിവർ ആണ് വഴിക്കടവ് സ്വദേശി എടത്തൊടിക ആസിഫലി യുടെ കൂടെ പിടിയിൽ ആയത്. 815 ഗ്രാംമിശ്രിത രൂപത്തിൽ ഉള്ള സ്വർണം ക്യാപ്സുളുകളിൽ ആക്കി ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ആസിഫലി കടത്താൻ ശ്രമിച്ചത്. കൂട്ടിക്കൊണ്ടുപോകാനെത്തിയ 3 കാറുകളും പിടിച്ചെടുത്തു.
കഴിഞ്ഞ ജനുവരി അവസാനം ആണ് പോലീസ് കരിപ്പൂർ വിമാനത്താവളത്തിൽ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. അന്ന് മുതൽ ഇത് വരേക്കും 12 സ്വർണ കടത്ത് കേസുകൾ ആണ് പോലീസ് പിടികൂടിയിട്ടുള്ളത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ 15 കാരിയർമാരാണ് പിടിയിൽ ആയിട്ടുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ഒന്നര മാസത്തിനിടെ 12 കിലോ സ്വർണമാണ് പൊലീസ് പിടിച്ചത്. വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പോലീസിൻറെ ഈ സ്വർണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്. പോലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണം നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
സ്വർണ്ണം പോലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിൻ്റെ ഉത്തരവാദിത്വമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോർട്ട് സഹിതം പോലീസ് കസ്റ്റംസിന് കൈമാറും . പക്ഷേ സ്വർണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി സ്വർണ്ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ. കസ്റ്റംസിനെ വെട്ടിച്ച് പുറത്തിരിക്കുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത് ഇത് കസ്റ്റംസിനു സംബന്ധിച്ച് ക്ഷീണമാണ്.
പിടികൂടിയ സ്വർണം എല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ട് വരുന്നവയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെയും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തതാണ് പോലീസ് സ്വർണം പിടികൂടുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണ്ണ കടത്തുകാരിൽ ഒതുങ്ങുമ്പോൾ സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിന്റെ അന്വേഷണത്തിൽ പിടിയിലാകുന്നു. ജനുവരി 21ന് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചശേഷം കസ്റ്റംസ് പിടികൂടിയതിനേക്കാളും സ്വർണം പോലീസ് കരിപ്പൂരിൽനിന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകൾ.