സ്ഥിരമായി പോൺ വീഡിയോ കാണുന്നവരെ കുടുക്കാൻ പൊലീസ് തയ്യാറെടുക്കുന്നു. ഹൈദരാബാദ് പൊലീസാണ് പോൺ കാണുന്നവരെ പിടികൂടാൻ ഒരുങ്ങുന്നത്. സ്ഥിരമായി പോൺ കാണുന്നവരെ ഏഴ് വർഷം വരെ തടവിന് ശിക്ഷിക്കാനുള്ള നിയമഭേദഗതിയും സർക്കാർ ആലോചിക്കുന്നുണ്ട്. മൊബൈൽ ഫോൺ വഴി പോൺ സിനിമകൾ, യൂട്യൂബ്, സോഷ്യൽമീഡിയ എന്നിവയിലൂടെ പോൺ ദൃശ്യങ്ങളും കാണുന്നവരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്.
പോൺ കാണുന്നവരെ രണ്ട് വിഭാഗങ്ങളായാണ് പൊലീസ് തിരിച്ചിരിക്കുന്നത്. ഇടയ്ക്കിടെ അശ്ലീല ചിത്രങ്ങൾ കാണുന്നവരാണ് ഒന്നാമത്തെ വിഭാഗത്തിൽ പെടുന്നവർ. ഇവർ പോൺ വളരെക്കാലമായി കാണുന്നില്ല. പരമാവധി അഞ്ച്, പത്ത് മിനിറ്റിനപ്പുറം സമയം ഇവർ പോൺ കാണാനായി ചെലവിടാറില്ല. പോലീസ് അത്തരം ആളുകളെ നിരീക്ഷിക്കില്ല. എന്നാൽ സ്ഥിരമായി ഏറെ നേരം പോൺ കാണുന്നവരാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉള്ളത്. ഇവർ അരമണിക്കൂർ മുതൽ മണിക്കൂറുകളോളം പോൺ കാണുന്നവരാണ്. ഇവരെയാണ് പോലീസ് ലക്ഷ്യമിടാൻ പോകുന്നത്.
ചെന്നൈയിൽ ഇത്തരത്തിലുള്ള 3000 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ ചിലർ ഇതിനകം തന്നെ പോൺ കാണുന്നത് ഉപേക്ഷിച്ചു. നിരീക്ഷണത്തിലുള്ള എല്ലാവർക്കും സന്ദേശം അയയ്ക്കാനുള്ള നീക്കം ചെന്നൈ പൊലീസ് തുടങ്ങിക്കഴിഞ്ഞു. ഇതേ നയമാണ് ഹൈദരാബാദ് സൈബർ പോലീസും പിന്തുടരുന്നത്. ഇതിനകം നിരവധി ആളുകളെ ഹൈദരാബാദ് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
നിലവിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ പോൺ സൈറ്റ് സന്ദർശിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് 4 ജി ഇന്റർനെറ്റ് ലഭ്യമായതിനുശേഷമാണ് പോൺ കാണുന്നത് പലമടങ്ങ് വർദ്ധിച്ചത്. ഇതുകാരണം രാജ്യത്ത് ബലാത്സംഗങ്ങളും അക്രമങ്ങളും വർദ്ധിക്കുന്നതായാണ് പൊലീസ് പറയുന്നത്. പോൺ കാണുന്നതിനെതിരെ ശരിയായ നിയമങ്ങളുടെ അഭാവം മൂലം ഇത് തടയാൻ കേന്ദ്ര സർക്കാരിന് കഴിയില്ല. അതുകൊണ്ടുതന്നെ വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും ശക്തമായ നിയമം ഇക്കാര്യത്തിൽ കൊണ്ടുവരാൻ തയ്യാറെടുക്കുന്നതായാണ് സൂചന.