കോഴിക്കോട്: സുഹൃത്തിന് വേണ്ടി യുവതിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന (Phone Tapping) പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ (Kozhikode Medical College ACP) കെ സുദര്‍ശനെതിരേ (K Sudarshan) വകുപ്പു തല അന്വേഷണത്തിന് ഡിജിപിയുടെ (DGP) ഉത്തരവ്. അസിസ്റ്റന്‍ഡ് കമ്മീഷണര്‍ തന്റെ സുഹൃത്തിന്റെ ഭാര്യയുടെ ഫോണ്‍ രേഖകളാണ് ഔദ്യോഗിക ആവശ്യത്തിനാണെന്ന വ്യാജേന ചോര്‍ത്തി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.
സൈബര്‍ സെല്ലില്‍ നിന്ന് ലഭിച്ച ഫോണ്‍ രേഖ അസിസ്റ്റന്റ് കമ്മീഷണര്‍ യുവതിയുടെ ഭര്‍ത്താവിന് കൈമാറുകയും ഭര്‍ത്താവ് ഈ രേഖകള്‍ മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്തുവെന്നുമാണ് ആരോപണം. ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്ന്നതറിഞ്ഞതോടെ യുവതി മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ മലപ്പുറം എസ് പി ഉത്തരമേഖലാ ഐജിയ്ക്കും ഡിജിപിയ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഡിജിപി വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടത്.
അന്വേഷണത്തിന്റെ ഭാഗമായല്ലാതെ സൈബര്‍ സെല്ലില്‍ നിന്ന് സിഡിആര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാറില്ല. സിഡിആര്‍ ലഭിക്കുന്നതിന് കമ്മീഷണറുടെ അനുമതിയും ആവശ്യമാണ്. സിറ്റി പരിധിയിലെ ഒരു സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രതികളുടെ സിഡിആര്‍ എടുക്കുന്നതിനൊപ്പം യുവതിയുടെ ഫോണ്‍ കോളുകള്‍ കൂടി ഉള്‍പ്പെടുത്തിയെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ സൈബര്‍ സെല്ലില്‍ നിന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ച പ്രകാരം എല്ലാ നമ്പറുകളുടേയും വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ഈ വിവരങ്ങള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചു നല്കി. ഫോണ്‍ കോള്‍ ചോര്ന്നതറിഞ്ഞതോടെ യുവതി മലപ്പുറം എസ് പിയെ സമീപിക്കുകയായിരുന്നു.
കോടതി ഉത്തരവോടെയോ, അന്വേഷണത്തിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെയോ മാത്രമേ ഫോൺ വിവരങ്ങൾ ശേഖരിക്കാനാവൂ. എന്നാൽ യുവതിയുടെ ഭർത്താവിന്റെ വാക്കാലുള്ള ആവശ്യപ്രകാരം എസിപി വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് പരാതി. ഭർത്താവിന്റെ അടുത്ത സുഹൃത്താണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറെന്നും ഫോണിലെ വിവരങ്ങൾ ലഭിച്ച ഭർത്താവ്, അത് ബന്ധുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും അയച്ചു നൽകി തന്നെ അപമാനിക്കാൻ ശ്രമിച്ചതായും വീട്ടമ്മ പരാതിയിൽ പറയുന്നു.