പണം പിൻവലിച്ച ശേഷം ബാങ്കുമായി ഇ-മെയിൽ വഴി പരാതിപ്പെട്ട് പണം തിരിച്ച് അക്കൗണ്ടിൽ വരുത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്. തട്ടിപ്പിന് ഇരയായ എസ് ബി ഐ ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്നാണ് ചേരാനല്ലൂർ പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. രാജസ്ഥാൻ സ്വദേശികളായ ആഷിഫ് അലി, ഷാഹിദ് ഖാൻ എന്നിവരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഘത്തിൽ കൂടുതൽ പേരുള്ളതായി പ്രതികളിൽനിന്ന് വിവരം ലഭിച്ചിട്ടുണ്ട് . ഇവർക്ക് വേണ്ടിയുള്ള അന്വേഷണവും തുടരുകയാണ്.
കഴിഞ്ഞ വർഷം നവംബർ, ഡിസംബർ മാസങ്ങളിലാണ് കൂടുതൽ തട്ടിപ്പുകൾ നടത്തിയത്. എറണാകുളത്തെ ഇടപ്പള്ളി, പോണേക്കര ഭാഗങ്ങൾ കേന്ദ്രീകരിച്ച് എസ് ബി ഐ ബാങ്കിന്റെ വിവിധ എ ടി എമ്മുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. പത്ത് ലക്ഷത്തിലധികം രൂപ എ ടി എമ്മുകളിലൂടെ കവർന്നിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എ ടി എം മിഷൻ സിഗ്നൽ സംവിധാനങ്ങൾ വിച്ഛേദിച്ച ശേഷമാണ് ഇവർ പണം എടുക്കുന്നത്. (പ്രതീകാത്മക ചിത്രം)
മെഷീനുകളുടെ പ്രവർത്തന രീതി നന്നായി അറിയാവുന്നവരാണ് സംഘത്തിലുള്ളത് എന്ന് പോലീസ് പറയുന്നു. പണം എടുത്ത ശേഷം പിന്നീട് ഇവർ വിമാന മാർഗ്ഗം കടക്കും. അന്വേഷണം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോഴേക്കും ഇവരെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. ബൈക്കുകൾ വാടകയ്ക്കെടുത്താണ് സംഘം നഗരത്തിൽ ചുറ്റിത്തിരിഞ്ഞത്. ഇങ്ങനെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതും. (പ്രതീകാത്മക ചിത്രം)
അടുത്ത കവർച്ച ആസൂത്രണം ചെയ്ത ശേഷം കൊച്ചിയിലേക്ക് വിമാന മാർഗം എത്തുമ്പോൾ ആയിരുന്നു ഇവരെ പിടികൂടിയത്. ഇവരുടെ സംഘത്തിൽ ഉള്ള മറ്റുള്ളവരെ കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എ ടി എം കാർഡുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കാർഡ് ഉപയോഗിക്കുന്നതിന് അവർക്ക് പണവും നൽകിയിരുന്നു. (പ്രതീകാത്മക ചിത്രം)