NEWS18 EXCLUSIVE: 'റോയിയുടെ മരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് അറിഞ്ഞിരുന്നു'; ഷാജുവിന്റെ പിതാവ് സക്കറിയാസ്
കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരനാണ് സക്കറിയാസ്. എന്നിട്ടും എന്തുകൊണ്ട് ദുരൂഹ മരണങ്ങളിൽ കുടുംബത്തിൽത്തന്നെ ഉയർന്ന സംശയങ്ങൾ അറിഞ്ഞില്ലെന്ന ചോദ്യത്തിന് സക്കറിയാസിന് കൃത്യമായ മറുപടിയില്ല


കോഴിക്കോട്: കൂടത്തായി പരമ്പര കൊലക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഷാജുവിന്റെ പിതാവ് സക്കറിയാസ്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് താൻ അറിഞ്ഞിരുന്നുവെന്നും അത് ഭാര്യയോട് പോലും പറഞ്ഞിരുന്നില്ലെന്നും സക്കറിയാസ് ന്യൂസ് 18 നോടു വെളിപ്പെടുത്തി. എന്നാൽ റോയിയുടെ മരണത്തിൽ മാത്യു മഞ്ചാടി സംശയം പ്രകടിപ്പിച്ച കാര്യം താൻ അറിഞ്ഞിരുന്നില്ലന്നും സക്കറിയാസ് പറഞ്ഞു.


കേസിൽ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് വിരുദ്ധമാണ് സക്കറിയാസിന്റെ വെളിപ്പെടുത്തൽ. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മരണം സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് താൻ അറിഞ്ഞിരുന്നു. പക്ഷെ രഹസ്യമാക്കി വെച്ചു. കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരനാണ് സക്കറിയാസ്. എന്നിട്ടും എന്തുകൊണ്ട് ദുരൂഹ മരണങ്ങളിൽ കുടുംബത്തിൽത്തന്നെ ഉയർന്ന സംശയങ്ങൾ അറിഞ്ഞില്ലെന്ന ചോദ്യത്തിന് സക്കറിയാസിന് കൃത്യമായ മറുപടിയില്ല. ജോളി പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ തന്റെ കുടുംബത്തിലും മരണങ്ങളുണ്ടാകുമായിരുന്നുവെന്ന് സക്കറിയാസ് പറഞ്ഞു.