ആലപ്പുഴ: അന്താരാഷ്ട്ര മോഷണസംഘം തിരുവനന്തപുരത്ത് പിടിയില്‍. കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്ത നാല് ഇറാന് സ്വദേശികളെ ആലപ്പുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. തണ്ണീര്‍മുക്കത്തെ ചെറുപുഷ്പം മെറ്റല്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 38000 രൂപ സംഘം തട്ടിയെടുത്തത്. ബെംഗളൂരുവില്‍ നിന്ന് എത്തിയ ഇവര്‍ രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ്.
ചേര്‍ത്തല പൊലീസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കന്റോണ്‍മെന്റ് പൊലീസ് ഇവരെ പിടി കൂടിയത്. തുടര്‍ന്ന് തെളിവെടുപ്പിനായി തണ്ണീര്‍മുക്കത്ത് എത്തിച്ചു. ഡൽഹിയിൽ നിന്ന് ഡോളർ നൽകി വാങ്ങിയ കാറിലാണ് സംഘം സഞ്ചരിച്ചിരുന്നത്. അയ്നുള്ളയാണ് മോഷണത്തിന് നേതൃത്വം നൽകുന്നയാളെന്നും ചേര്‍ത്തല സി ഐ ശ്രീകുമാർ പറഞ്ഞു.
ഇതിന് സമാനമായ മൊഴിയാണ് ചെറുപുഷ്പത്തിലെ മാനേജർ തമ്പിയും നൽകിയിട്ടുള്ളത്. എങ്ങനെ താൻ പണവുമായി അവരുടെ മുന്നിലിരുന്നു എന്നതിനെ സംബന്ധിച്ച് ഓർത്തെടുക്കാൻ പോലും വിഷമകരമാണെന്ന് തമ്പി പറഞ്ഞു. അവർ ആവശ്യപ്പെട്ടതിന് അനുസരിച്ച് ഓരോരോ നോട്ടുകൾ താൻ മാറ്റി കാണിച്ചുവെന്നും മറ്റുള്ളവർ പറയുമ്പോഴാണ് പണം നഷ്ടമായതിനെക്കുറിച്ച് ബോധ്യം വന്നത് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.