മിസ്സൂറി: കള്ളൻമാർ തന്നെ പല തരത്തിലും വിധത്തിലുമുണ്ട്. മനസാക്ഷിയുള്ളവരും ഉണ്ട് മനസാക്ഷി ഇല്ലാത്തവരും ഉണ്ട്. അത്തരത്തിൽ മനസാക്ഷിയില്ലാത്ത ഒരു കള്ളന്റെ വാർത്തയാണ് യു.എസിലെ മിസൂറിയിൽ നിന്നെത്തുന്നത്. ജോഗിങ്ങിനിടെ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീണ വൃദ്ധയുടെ കൈയിൽ നിന്ന് യാതൊരു കുറ്റബോധവുമില്ലാതെ കള്ളൻ ഫോൺ അടിച്ചുമാറ്റി കൊണ്ടു പോകുകയായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് ഫോണിൽ സഹായത്തിന് ആരെയെങ്കിലും വിളിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കേയാണ് മനസാക്ഷിയില്ലാത്ത മോഷണം നടന്നത്.
പതിവുപോലെ ജോഗിങ്ങിന് ഇറങ്ങിയത് ആയിരുന്നു 64കാരിയായ സ്ത്രീ. എന്നാൽ, ജോഗിങ്ങിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മിസൂറിലിയിലെ സെന്റ് ലൂയിസിൽ വച്ചായിരുന്നു സംഭവം. കുഴഞ്ഞു വീണെങ്കിലും അവരുടെ ബോധത്തിന് ഒന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സഹായത്തിനായി അടിയന്തര സേവനങ്ങളെ വിളിക്കാമെന്ന് കരുതി അവർ ഫോൺ എടുത്തു.
സമീപപ്രദേശങ്ങളിൽ നിന്നുള്ള സി.സി.ടി.വി ഫൂട്ടേജുകളിൽ നിന്ന് ഇക്കാര്യങ്ങൾ വ്യക്തമാണെന്ന് സെന്റ് ലൂയിസ് പോലീസ് പറഞ്ഞു. ദൃശ്യങ്ങളിൽ വേദന കൊണ്ട് അസ്വസ്ഥതപ്പെടുന്ന വൃദ്ധ പിറകിലേക്ക് ഉരുളുന്നതും ഫോണിൽ സഹായത്തിനായി വിളിക്കാൻ ശ്രമിക്കുന്നതും കാണാവുന്നതാണ്. എഴുന്നേൽക്കാനും ഇതിനിടയിൽ വൃദ്ധ ശ്രമിക്കുന്നുണ്ട്യ എന്നാൽ, വീണ്ടും വീണ്ടും വീണു പോകുകയാണ്.
ഇവർ ഇത്തരത്തിൽ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഒരു ചുവന്ന നിറത്തിലുള്ള കാരവൻ സ്ത്രീയുടെ അരികിലേക്ക് ചേർത്ത് നിർത്തുന്നത്. സ്ത്രീയുടെ അരികിലേക്ക് ചേർത്തു നിർത്തിയ കാറിൽ നിന്ന് ഒരാൾ പുറത്തിറങ്ങിയതായും പൊലീസ് പറഞ്ഞു. വാനിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ആൾ വൃദ്ധയുടെ കൈയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് കൊണ്ട് വാനിൽ കയറി പോകുകയായിരുന്നു. കുഴഞ്ഞുവീണ വൃദ്ധയ്ക്ക് ഒരു കൈ സഹായം നൽകാൻ പോലും ഇയാൾ തയ്യാറായില്ല. വൃദ്ധയെ മരണത്തിലേക്ക് തള്ളിയിട്ട് ഫോണും തട്ടിപ്പറിച്ച അയാൾ വാനിൽ കയറി പോയി.