കോയമ്പത്തൂർ: തിരുപ്പൂരിനടുത്ത് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്ലസ് ടു വിദ്യാർഥിന് ഒരു ആൺകുഞ്ഞിന് ജന്മം നൽകി. തിരുപ്പൂർ പല്ലഡാം സർക്കാർ ആശുപത്രിയിലാണ് സംഭവം. വിശദമായ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. വൈകാതെ ഇവർ പ്രസവിക്കുകയും ചെയ്തു. ഇതേത്തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ സഹപാഠിയായ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്ലസ് വണ്ണിൽ പഠിക്കവെയാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് പെൺകുട്ടി ഗർഭിണിയാകുന്നതും. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ സഹപാഠിയായ ആൺകുട്ടി പഠനം ഉപേക്ഷിച്ചുപോയി. ഇയാൾ പിന്നീട് തിരുപ്പൂരിലെ ഒരു സ്വകാര്യ ടെക്സ്റ്റൈൽ കമ്പനിയിൽ ജോലിക്ക് കയറി. എന്നാൽ ഇക്കാര്യങ്ങളൊന്നും പെൺകുട്ടി വീട്ടിൽ പറഞ്ഞിരുന്നില്ല. ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിക്കുന്നതും പിന്നീട് പ്രസവം നടക്കുന്നതുമൊക്കെ.
അറസ്റ്റിലായ പെൺകുട്ടിയുടെ സഹപാഠിക്കെതിരെ പല്ലഡാം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതി റിമാൻഡ് ചെയ്ത ഇയാളെ പിന്നീട് ദുർഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുപ്പൂരിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ചൈൽഡ് വെൽഫയർ സമിതി ഏറ്റെടുത്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയായശേഷം കുഞ്ഞിനെ തിരിച്ചുനൽകുമെന്ന് അധികൃതർ അറിയിച്ചു.