തിരുവനന്തപുരം: കാമുകിയെ കാണാൻ എളുപ്പവഴി തേടിയ യുവാവും സുഹൃത്തുക്കളും റെയിൽവേ ട്രാക്ക് വഴി ബൈക്കിൽ പോയി. ബൈക്ക് ട്രാക്കിൽ കുടുങ്ങിയതോടെ ഉരുട്ടിക്കൊണ്ടു പോകുന്നതിനിടെ ദൂരെനിന്ന് ട്രെയിൻ വരുന്നത് കണ്ടു മൂന്നംഗ സംഘം ഓടിമാറി. ഇതിനിടെ ബൈക്ക് ട്രെയിനടിയിൽ കുടുങ്ങി. വർക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലാണ് സംഭവം. ട്രെയിനടിയിൽ ബൈക്ക് കുടുങ്ങിയതു മൂലം ചെന്നൈ എഗ്മൂർ-ഗുരുവായൂർ എക്സ്പ്രസ് ഒരു മണിക്കൂറോളം വൈകി. ഇതുമായി ബന്ധപ്പെട്ട് വര്‍ക്കല സ്വദേശികളായ സാജിര്‍ (22), സുലന്‍ (19), ടിജിത്ത് (21) എന്നിവരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രെയിന്‍ വേഗത കുറവായതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. പാളത്തിൽ ബൈക്ക് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ട്രെയിൻ ഉടനടി ബ്രേക്കിട്ട് നിർത്തുകയായിരുന്നു. എന്നാൽ അപ്പോഴേക്കും ബൈക്ക് ട്രെയിന്‍ അടിയിൽ ആയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാക്കളെ നേരം പുലരും മുമ്പേ റയില്‍വേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വർക്കലയിലും പരിസരപ്രദേശങ്ങളിലും ചില ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് അറസ്റ്റിലായ യുവാക്കൾ. രാത്രി വൈകി ഇവരിലൊരാളുടെ കാമുകിയെ കാണാന്‍ റെയില്‍വേ ട്രാക്ക് വഴി ബൈക്ക് ഓടിച്ച് വരുകയായിരുന്നു മൂന്നു പേരും കൂടി. ഇതിനിടെ ബൈക്കിന്റെ ടയർ റെയില്‍വേ പാളത്തിലെ പ്ളേറ്റില്‍ കുരുങ്ങി. ഇലക്ട്രിക് ലൈനിന്റെ എര്ത്തിംഗിനായുള്ള പ്ളേറ്റിലാണ് ടയർ കുടുങ്ങിയത്. ഇവിടെനിന്ന് കുടുക്ക് മാറ്റിയ ബൈക്ക് ഉരുട്ടി കൊണ്ടുപോകാനുളള ശ്രമത്തിനിടെ ദൂരെ നിന്ന് ചെന്നൈ എഗ്മോര്‍- ഗുരുവായൂര്‍ എക്സ് പ്രസ് കടന്നുവരുന്നത് കണ്ടു. ഇതോടെ ബൈക്ക് ട്രാക്കില്‍ ഉപേക്ഷിച്ച് മൂന്നു പേരും ഓടി മാറി.
ട്രെയിൻ അമിതവേഗത്തിൽ അല്ലാത്തതിനാൽ വളരെ പെട്ടെന്ന് തന്നെ ബ്രേക്കിട്ടു. ട്രാക്കിന്റെ മദ്ധ്യത്ത് കിടന്ന ബൈക്കില്‍ ട്രെയിനിടിച്ച് ബൈക്ക് ഛിന്നഭിന്നമായി തകർന്നു. ലോക്കോ പൈലറ്റ് വിവരം തൊട്ടടുത്ത സ്റ്റേഷനിലും ആർ പി എഫിനെയും അറിയിക്കുകയായിരുന്നു. ആര്.പി.എഫ് കമ്മിഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയാണ് പ്രതികളെ കണ്ടെത്താൻ സഹായകരമായത്. സാജിറിന്റെ സുഹൃത്ത് രണ്ട് ദിവസം മുമ്പ് റിപ്പയർ ചെയ്യാനായി ഏല്‍പ്പിച്ച ബൈക്കായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിന്റെ ഉടമയെ കണ്ടെത്തിയതോടെ പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുകയും, തുടർന്ന് വർക്കലയ്ക്ക് അടുത്തുള്ള വീട്ടിൽ ഉണ്ടായിരുന്ന മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ ആര്. പി. എഫ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം ആര്. പി. എഫ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഇവിടെ വെച്ചാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ പിന്നീട് റെയിൽവേ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ ട്രെയിൻ അട്ടിമറി ഉൾപ്പടെ ശക്തമായ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. ബൈക്കും ആർ പി എഫ് കസ്റ്റഡിയിലെടുത്തു.