ചണ്ഡിഗഢ്: പുരുഷത്വമില്ലാത്തവനെന്ന് വിളിച്ച് കളിയാക്കിയ അയൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിനാനയിലെ പട്ടൗഡിയിലെ ബാസ്പദംക ഗ്രാമത്തിലാണ് സംഭവം. ഫെബ്രുവരി മൂന്നിനാണ് കൊലപാതകം നടന്നതെന്നും പ്രതികളായ രമേഷ് (27), ഗുൽഷൻ (23) എന്നിവരെ ഫെബ്രുവരി അഞ്ചിനാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഒരുമിച്ചിരുന്ന മദ്യപിച്ചശേഷമാണ് പ്രതികളിൽ ഒരാൾ കഴുത്തിൽ ഇലക്ട്രിക് വയർ മുറുക്കി രാംവീർ എന്നയാളെ കൊലപ്പെടുത്തിയത്.
രാജ്ബീർ എന്ന് വിളിക്കപ്പെടുന്ന റാംബീർ, അറസ്റ്റിലായ രണ്ട് പ്രതികൾക്കൊപ്പം വീടിന്റെ ഔട്ട് ഹൗസിൽ മദ്യം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതോടെ രാംബീറിന്റെ അമ്മയും ഭാര്യയും അവിടേക്ക് വരികയും മറ്റുള്ളവരോട് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്ന് രമേശും റാംബീറും തമ്മിൽ തർക്കമായി. അതിനിടെയാണ് ഇവർ രമേശിനെ പുരുഷത്വമില്ലാത്തവനെന്ന് വിളിച്ചതെന്ന് പറയപ്പെടുന്നു.
റാംബീറിന്റെ അമ്മയും ഭാര്യയും ആവശ്യപ്പെട്ടതുപ്രകാരം രമേശും ഗുഷനും വീടിന് പുറത്തിറങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തി, ഔട്ട് ഹൌസിൽ ഉറങ്ങിക്കിടക്കുകയായിരുന്ന റാംബീറിനെ ഇലക്ട്രിക് വയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം റാംബീറിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ എടുത്ത് രക്ഷപ്പെടുകയായിരുന്നു. ഫെബ്രുവരി നാലിന് പുലർച്ചെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് റാംബീറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
റാംബീറിൽനിന്ന് കവർന്ന പണവും കൊലപാതകത്തിന് ഉപയോഗിച്ച വയർ, ഒരു മോട്ടോർ സൈക്കിൾ എന്നിവയും പിടിയിലായ പ്രതിയിൽനിന്ന് കണ്ടെടുത്തതായി എസ്ഐ കുമാർ പറഞ്ഞു. മരിച്ചയാളുടെ ഭാര്യ മീനയുടെ പരാതിയിൽ, ഫെബ്രുവരി 4 ന് പട്ടൗഡി പോലീസ് സ്റ്റേഷനിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 34 (പൊതു ഉദ്ദേശ്യം), 302 (കൊലപാതകം), 394 (കവർച്ച നടത്തുന്നതിൽ സ്വമേധയാ മുറിവേൽപ്പിക്കുക) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം നടത്തിയത്.