ഷാജഹാൻപുർ: കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി. ഉത്തർ പ്രദേശിലെ ഷാജഹാൻ പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാൻപുർ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. നാലംഗ സംഘത്തിന്റെ ബലാത്സംഗ ശ്രമം വിദ്യാർത്ഥിനി ചെറുത്തു തോൽപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ പെൺകുട്ടിയെ നഗ്നയാക്കി തീ കൊളുത്തുക ആയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ കോളേജിലെ കൂട്ടുകാരിയും ഉണ്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്നാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ 376 D (കൂട്ടബലാത്സംഗം), 307 (കൊലപാതക ശ്രമം), 120 B (കുറ്റകരമായ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ ചേർത്താണ് പ്രതികൾക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ചികിത്സയിൽ കഴിയുന്ന ലഖ്നൗവിലെ ആശുപത്രിയിൽ നിന്ന് മജിസ്ട്രേറ്റിനു മുമ്പാകെ പൊലീസിന് നൽകിയ മൊഴിയിൽ സുഹൃത്തിനെതിരെ പരാമർശമുണ്ട്. റായി ഖേഡ ഗ്രാമത്തിന് സമീപത്തുള്ള സ്ഥലത്ത് വച്ച് തിങ്കളാഴ്ച തന്റെ കസിനെ കാണണമെന്ന് കൂട്ടുകാരി പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് തകർന്ന അതിർത്തി മതിലിലൂടെ കൂട്ടുകാരിയുടെ കസിനെ കാണാനായി ഈ വിദ്യാർത്ഥിനി പോകുകയായിരുന്നു. അതേസമയത്ത്, ഈ കുട്ടിയുടെ പിതാവ് വിദ്യാർത്ഥിനിയെ കോളേജിന്റെ പ്രധാന പ്രവേശവ കവാടത്തിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ, ഇവിടെ കാത്തുനിന്ന മൂന്നു പേർ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു. പെൺകുട്ടി ബലാത്സംഗത്തിനെ ചെറുത്തതിനെ തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. ഇരയാക്കപ്പെട്ട പെൺകുട്ടിയെ ക്ലാസിലെ കൂട്ടുകാരിയായ പെൺകുട്ടി നേരത്തെ പല കാര്യങ്ങൾക്കും നിർബന്ധിച്ചിരുന്നു. ക്ലാസിലെ ആൺകുട്ടികളോട് സംസാരിക്കാനും വീഡിയോ കോൾ വഴി തന്റെ കസിനോട് സംസാരിക്കാനും ഒക്കെ കൂട്ടുകാരിയും കേസിലെ പ്രതിയുമായ പെൺകുട്ടി ഇരയായ പെൺകുട്ടിയെ നിർബന്ധിച്ചിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു പേരും തങ്ങൾ കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞു. കുറ്റസമ്മതം നടത്താൻ പ്രതികൾ വിസമ്മതിച്ചതായി എസ് പി ആനന്ദ് പറഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി നാല് പൊലീസ് ടീമുകളെയാണ് വിന്യസിച്ചിരിക്കുന്നത്.