ആണ്‍വേഷത്തിലെത്തി അമ്മായിയുടെ കാല് കമ്പിവടികൊണ്ട് തല്ലിയൊടിച്ച സംഭവത്തില്‍ മരുമകള്‍ പിടിയില്‍. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ പൊലീസ് വലയിലാക്കി. ബാലരാമപുരം, ആറാലുംമൂട് തലയല്‍ പുന്നക്കണ്ടത്തില്‍ വാസന്തിയെ (63) ഇരുട്ടിന്റെ മറവില്‍ ആക്രമിച്ച് കാല് തല്ലിയൊടിച്ച സംഭവത്തില്‍ പൊലീസ് മരുമകളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടികൂടി. ആറാലുംമൂട്, പുന്നകണ്ടത്തില് സുകന്യയെയാണ് (27) പിടികൂയത്
വാസന്തിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും 'അജ്ഞാതന്‍' രക്ഷപ്പെടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. ബാലരാമപുരം പോലീസിനെ കുഴക്കിയ സംഭവത്തില്‍ ബാലരാമപുരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ടി. വിജയകുമാര്‍ നടത്തിയ ശാസ്ത്രിയ അന്വേഷണത്തിലാണ് പ്രതിയിലേക്കെത്തിയത്
വനിതയായത് കാരണം പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിയിലേക്ക് എത്തിപ്പെട്ടത്. സംഭവ സ്ഥലത്ത് സിസിടിവിയില്ലാതിരുന്നത് പൊലീസിനെ കുഴക്കി. പ്രദേശത്തെ നാല്പ്പതിലെറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതികളെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നൂറിലെറെ പേരെ ചോദ്യം ചെയ്തിരുന്നു
സുകന്യയെ ഭർത്താവ് ഉപദ്രവിക്കുന്നതിന് കാരണം അമ്മായി വാസന്തിയാണെന്ന വിരോധത്തിലാണ് അക്രമം നടത്താന്‍ തീരുമാനിച്ചത്. വാസന്തിയെ പരിക്കേല്‍പ്പിച്ച് കിടത്തണമെന്ന ലക്ഷ്യത്തോടെ ചെവ്വാഴ്ച രാവിലെ ഭര്‍ത്താവ് രതീഷിന്റെ ഷര്‍ട്ടിട്ട് ജീന്‍സ് പാന്റിട്ട് മുഖം ഷോല്കൊണ്ട് മറച്ച് ആണ്‍വേഷത്തില്‍ വീട്ടില്‍ നിന്നും കമ്പിവടിയുമായി വാസന്തി പാല് സെസൈറ്റിയില്‍ നല്കുവാന് വരുന്ന വഴിയില്‍ കാത്തു നിന്നാണ് ആക്രമണം
വടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം സുകന്യയിലേക്കെത്തി. വാസന്തി അക്രമത്തില്‍ പരിക്കേറ്റ് നിലവിളിക്കുമ്പോള്‍ പ്രദേശത്തെ അയല്‍വാസികളും മറ്റും ഓടിയെത്തിയപ്പോഴും സുകന്യ വൈകിയെത്തിയത് പൊലീസിനെ സംശത്തിലാക്കി.തുടര്‍ന്ന് മൂന്നിലെറെ തവണ സുകന്യയെ ശാസ്ത്രിയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു
സുകന്യയുടെ വീട്ടില്‍ നിന്നും അക്രമസമയത്ത് ഉപയോഗിച്ചിരുന്ന ഷോളും മറ്റ് വസ്ത്രങ്ങളും കണ്ടെടുത്തു. നെയ്യാറ്റിന്‍കര എഎസ്പി. ഫറാഷിന്റെ നിര്‍ദ്ദേശപ്രകാരം ബാലരാമപുരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ ടി. വിജയകുമാര്‍, എസ്.ഐ. അജിത്കുമാര്‍, ഗ്രേഡ് എസ്.ഐ. രാധാകൃഷ്ണന്, സിവില്‍ പൊലീസ് ഓഫീസര്‍മരായ വിനീഷ്, പത്മകുമാര്‍, ശ്രീകാന്ത്, സുമിത എന്നിവരുടെ സംഘം പ്രതിയെ അറസ്റ്റ് ചെയ്തു