ഡൽഹിയിൽ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ 30കാരി കൂട്ടൂബലാത്സംഗത്തിനിരയായി. രോഹിണിയിലെ ബാബാ സാഹേബ് അംബേദ്കർ ആശുപത്രിയുടെ പാർക്കിങ് ഏരിയയിലാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. വെള്ളിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും മുൻ സുരക്ഷാ ജീവനക്കാരായ രണ്ടുപേരും ചെർന്നാണ് യുവതിയെ പീഡിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പട്ട് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ക്രൂരകൃത്യം നടത്തിയശേഷം മൂന്നുപേരും ഒളിവിൽപോവുകയായിരുന്നു. രോഗികളുടെ കൂട്ടിരുപ്പുകാർക്കുള്ള വെയിറ്റിങ് ഏരിയയിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. ടാക്സി ഡ്രൈവറായ ഭർത്താവ് ജോലിക്ക് പോയനേരമാണ് പീഡനം അരങ്ങേറിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആശുപത്രിക്ക് പിന്നിലുള്ള പാർക്കിങ് ഏരിയയിൽ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പ്രതികൾക്കെതിരെ ഇന്ത്യശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളായ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.- ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് കുമാര് മിശ്ര പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് ലഭിച്ചശേഷമേ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനുള്ളൂവെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പിഎസ് ഖടാന പറഞ്ഞു.
സുരക്ഷാ ജീവനക്കാരനായ കൻവാർ പാൽ (33), പ്രവീൺ തിവാരി (26), മനിഷ് (22) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരെയും സുരക്ഷാ ജീവനക്കാരെ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ നിന്ന് കരാറടിസ്ഥാനത്തിൽ നിയമിച്ചതായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് ഡിസിപി പറഞ്ഞു. ഭർത്താവിനൊപ്പം വടക്ക്- പടിഞ്ഞാറൻ ഡൽഹിയിലെ വാടക വീട്ടിലാണ് ഇരയായ യുവതി കഴിയുന്നത്. യുവതിയുടെ പരിചയക്കാരിയുടെ ബന്ധു 20 ദിവസമായി ആശുപത്രിയിൽ ചികിത്സയിലാണ്. അവർക്കൊപ്പം കൂട്ടിരിക്കാൻ എത്തിയതായിരുന്നു യുവതി.
വ്യാഴാഴ്ച രാത്രി പ്രതികൾ വെയിറ്റിങ് ഹാളിലെത്തുകയും രോഗിയുടെ കൂട്ടിരിപ്പുകാരല്ലാത്തതിനാൽ ഇവിടെ നിൽക്കാൻ പറ്റില്ലെന്ന് പറയുകയുമായിരുന്നു. ആശുപത്രിക്ക് പുറകിലുള്ള പാർക്കിങ് ഏരിയയിൽ വേണമെങ്കിൽ കിടന്നുറങ്ങാമെന്നും അവർ യുവതിയോട് പറഞ്ഞു. ഇതനുസരിച്ച് യുവതി പാർക്കിങ് ഏരിയയിലേക്ക് പോയ സമയത്ത് പിന്നാലെയെത്തിയ പ്രതികൾ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.