ഫരീദാബാദ്: പല തരത്തിലുള്ള പ്രതികാരം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഭർത്താവിനെ സംശയിച്ചു തുടങ്ങിയ ഭാര്യ ഭർത്താവ് അറസ്റ്റിലാകാൻ ഒരു കടുംകൈ പ്രയോഗം തന്നെ നടത്തി. എന്നാൽ, കറങ്ങിത്തിരിഞ്ഞ് അത് ഭാര്യയുടെ തലയിൽ തന്നെ വീണു. ചുരുക്കത്തിൽ, താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു എന്ന സ്ഥിതിയിലായി ഭാര്യയുടെ അവസ്ഥ.
ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് വെച്ചതിനാണ് ഭാര്യ അറസ്റ്റിലായത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു വേണ്ടി ആയിരുന്നു ഭാര്യ ഇങ്ങനെയൊരു കാര്യം ചെയ്തത്. അതിന് ഒരു കാരണവുമുണ്ട്. തന്റെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടെന്ന് ഭാര്യ സംശയിച്ചിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഭർത്താവിനെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാൻ ഭാര്യ തീരുമാനിച്ചത്. അതിനു വേണ്ടി ആയിരുന്നു ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ കഞ്ചാവ് വെക്കാൻ തീരുമാനിച്ചത്.ഉത്തർപ്രദേശ് സ്വദേശിയായ സ്ത്രീ എസ് ജി എം നഗറിലാണ് താമസിക്കുന്നത്.
ഇവരുടെ ഭർത്താവ് വീട്ടിൽ മിക്കപ്പോഴും മടങ്ങിയെത്തിയിരുന്നത് രാത്രി വളരെ വൈകി ആയിരുന്നു. ഇതു കൂടാതെ, ചില രാത്രികളിൽ ഭർത്താവ് വീട്ടിൽ മടങ്ങി എത്തിയിരുന്നുമില്ല. ഇതെല്ലാം ഭർത്താവിനെ സംശയിക്കാനുള്ള കാരണങ്ങൾ ആയിരുന്നു. രാത്രി വീട്ടിൽ വൈകി വരുന്നതും ചില രാത്രികളിൽ വീട്ടിൽ എത്താത്തതും സംബന്ധിച്ച് ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഭർത്താവിനോട് പക തീർക്കാൻ ഭാര്യ തീരുമാനിച്ചത്. അതുകൊണ്ട് ഭർത്താവിനെ എങ്ങനെയെങ്കിലും പൊലീസ് കേസിൽ ഉൾപ്പെടുത്തി അറസ്റ്റിലാക്കാൻ ഭാര്യ തീരുമാനിക്കുകയായിരുന്നു. ഫരിദാബാദ് പൊലീസ് പി ആർ ഒ സുബേ സിംഗ് പറഞ്ഞു.
ഇതിന്റെ ഭാഗമായി ഡൽഹിയിലേക്ക് പോയ യുവതി പവൻ എന്നു പേരുള്ള ഒരു യുവാവിൽ നിന്ന് കഞ്ചാവ് തരപ്പെടുത്തുത്തി. തുടർന്ന് ഇത് ഭർത്താവിന്റെ ഓട്ടോറിക്ഷയിൽ വെയ്ക്കുകയായിരുന്നു. അതിനുശേഷം പൊലീസിനെ വിളിച്ച് ഓട്ടോറിക്ഷയിൽ മയക്കുമരുന്ന് ഉണ്ടെന്നുള്ള കാര്യം അറിയിച്ചു. ഓട്ടോറിക്ഷയിൽ നിന്ന് 700 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതി അറസ്റ്റിലാകുകയും ചെയ്തു. എവിടെ നിന്നാണ് ഇവർക്ക് മയക്കുമരുന്ന് കിട്ടിയതെന്ന അന്വേഷണം പവനിലേക്ക് എത്തിക്കുകയായിരുന്നു.