

അഞ്ചൽ കൈപള്ളിമുക്കിൽ ആളൊഴിഞ്ഞവീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ചടയമംഗലം പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ ഏഴംകുളം താന്നിവിള വീട്ടിൽ ബാബു (55) ആണ് അറസ്റ്റിലായത്.


അഞ്ചൽ ഇടമുളക്കൽ തുമ്പികുന്ന് സ്വദേശിനി കുഞ്ഞുമോളെയാണ് ഈ മാസം നാലാം തിയതി കൈപ്പള്ളിമുക്കിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ചായിപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞുമോളൊടെപ്പം മൂന്ന് വർഷമായി താമച്ച് വന്ന ബാബുവിനെ സംഭവത്തിന് ശേഷം കാണാനില്ലായിരുന്നു.


തിരുവനന്തെപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെയും പുനലൂർ ഡിവൈ.എസ്.പി അനിൽ എസ്.ദാസിന്റെ നേത്യത്വത്തിൽ രൂപികരിച്ച സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഒളുവിൽകഴിഞ്ഞുവന്ന ബാബുവിനെകുറിച്ചുള്ള വിവാരംലഭിച്ചത്.


ബാബുവും കുഞ്ഞുമോളും സ്ഥിരം ഒന്നിച്ചിരുന്ന് മദ്യപിക്കുന്നവരാണ്. സംഭവ ദിവസവും ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോൾ കുടിച്ച് തീർത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ അവസാനിച്ചത്. കുഞ്ഞുമോളുടെ മൂക്കിലും വായിലും കൂട്ടി പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് ബാബു സമ്മതിച്ചു.


സംഭവത്തിന്ശേഷം ആയൂർ മലപേരൂരിലെ മലയിൽ ഒളിവിൽകഴിഞ്ഞുവന്ന ബാബുവിനെ ചടയമംഗലം സി ഐ സാജു എസ് ദാസ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ജഹാൻഗീർ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.