വീണ്ടും ദൃശ്യം; മൃതദേഹത്തിനായി കുഴിച്ചപ്പോൾ ലഭിച്ചത് പട്ടിക്കുട്ടിയുടെ ജഡം
യുവാവ് കൊലപ്പെടുത്തിയ കാമുകിയെ സ്വന്തം വിടിന് പിന്നിൽ കുഴിച്ചിടുകയും സംഭവം കണ്ടെത്തിയ പൊലീസ് എത്തി കുഴിയെടുത്തപ്പോൾ മൃതദേഹത്തിന് പകരം പട്ടിക്കുട്ടിയുടെ ജഡമാണ് ലഭിച്ചത്. ഇത് പൊലീസിനെ ശരിക്കും അശയകുഴപ്പത്തിലാക്കി...


മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം എന്ന ചിത്രം ഏറെ ചർച്ചയായ ഒന്നാണ്. ചിത്രം മലയാളത്തിൽ വമ്പൻ ഹിറ്റായതോടെ പാപനാശം എന്ന പേരിൽ കമലഹാസനെ നായകനാക്കി തമിഴിലും എടുത്തിരുന്നു. അടുത്തിടെ അമ്പൂരിയിലെ രാഖി കൊലക്കേസുമായി ബന്ധപ്പെട്ട് ദൃശ്യം ചർച്ചയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ കഥയുമായി സാമ്യമുള്ള യഥാർഥ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് കോയമ്പത്തൂരിനടുത്തുള്ള അത്തുക്കൽപ്പാളയം എന്ന ഗ്രാമത്തിലാണ് ദൃശ്യത്തിലെ രംഗം യാഥാർഥ്യമായത്. യുവാവ് കൊലപ്പെടുത്തിയ കാമുകിയെ സ്വന്തം വിടിന് പിന്നിൽ കുഴിച്ചിടുകയും സംഭവം കണ്ടെത്തിയ പൊലീസ് എത്തി കുഴിയെടുത്തപ്പോൾ മൃതദേഹത്തിന് പകരം പട്ടിക്കുട്ടിയുടെ ജഡം ലഭിച്ചതു. ഇത് പൊലീസിനെ ശരിക്കും അശയകുഴപ്പത്തിലാക്കിയിരിക്കുന്നു.


സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ദിണ്ടിക്കൽ വേദസന്തൂരിനടുത്ത് കേദംപട്ടിയിലുള്ള വി മുത്തരശിയെന്ന രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയെ മാർച്ച് പകുതിയോടെ കാണാതാകുന്നു. എന്നാൽ മുത്തരശിയെ കാണാനില്ലെന്ന് കാട്ടി സഹോദരി തമിഴരശി പൊലീസിൽ പരാതി നൽകുന്നത് ജൂൺ അഞ്ചിനാണ്. മുത്തരശി അത്തുകൽപാളയത്തെ ഭരത് എന്ന യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഭരതിനെ ചോദ്യം ചെയ്തതിൽനിന്ന് മുത്തരശിയെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.


മാർച്ചിൽ ഭരതും മുത്തരശിയും ഒളിച്ചോടുകയും ധാരാപുരത്തെ നല്ലത്തുങ്കലിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും ഭരതിന്റെ അടിയേറ്റ് മുത്തരശി മരണപ്പെടുകയുമായിരുന്നു. ഇതേത്തുടർന്ന് മുത്തരശിയുടെ മൃതദേഹം ഭരത് വീട്ടിലെത്തിച്ച് പിൻവശത്ത് കുഴിച്ചിട്ടു. ഇതിനുശേഷം ഭരത് വീരച്ചിംഗലം സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു. വിവാഹത്തിന്റെ പിറ്റേദിവസം വീടിന്റെ പിന്നീൽ രൂക്ഷഗന്ധമുണ്ടെന്ന് വധു പരാതിപ്പെട്ടതോടെ, നവദമ്പതികളെ വീരച്ചിമംഗലത്തുള്ള യുവതിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചു.


ഇതിനിടെ അന്വേഷണം ഊർജിതമാക്കിയ പൊലീസ് ഭരതിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. അങ്ങനെയാണ് മുത്തരശിയുടെ ജഡം വീട്ടിന് പിന്നിൽ മറവ് ചെയ്തവിവരം ഭരത് പൊലീസിനോട് പറയുന്നത്. മൃതദേഹം വീണ്ടെടുക്കാൻ എത്തിയ പൊലീസ് കുഴി എടുത്തപ്പോൾ കണ്ടത് പട്ടിക്കുട്ടിയുടെ ജഡമായിരുന്നു. ഇതോടെ ഭരതിന്റെ അച്ഛൻ കനകരാജിനെ പൊലീസ് ചോദ്യം ചെയ്തു. ഒരു ജ്യോതിഷിയുടെ നിർദേശപ്രകാരം മുത്തരശിയുടെ മൃതദേഹം അവിടെനിന്ന് മാറ്റി ഒഴിഞ്ഞ പ്രദേശത്തുകൊണ്ടുപോയി കത്തിച്ചെന്നാണ് കനകരാജ് പൊലീസിനോട് സമ്മതിച്ചു. ജ്യോതിഷി പറഞ്ഞതുപ്രകാരമാണ് പട്ടിക്കുട്ടിയുടെ ജഡം കുഴിച്ചിട്ടതെന്നും ഇയാൾ പറഞ്ഞു. കനകരാജിനെയും ജ്യോതിഷിയെയും വിശദമായി ചോദ്യം ചെയ്ത് കേസിൽ തുമ്പുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.