മുംബൈ: നാല് വര്‍ഷത്തിന് ശേഷം ആമിര്‍ ഖാന് (Aamir Khan) നായകനായി പുറത്തിറങ്ങുന്ന ചിത്രമാണ് 'ലാല്‍ സിംഗ് ഛദ്ദ' (Laal Singh Chaddha). അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 11 ന് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രം ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ആമിര്‍ ഖാന് ഹിന്ദു വിരുദ്ധനാണെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. നേരത്തെ ആമിർ ചിത്രം ദംഗലിനെതിരെയും ഇത്തരം ബഹിഷ്കരണ ആഹ്വാനമുണ്ടായിരുന്നു. തന്റെ സിനിമയുടെ റിലീസിന് ദിവസങ്ങള്‍ക്ക് മുമ്പ് താരം മാധ്യമങ്ങളോട് സംവദിക്കുകയും ലാല്‍ സിംഗ് ഛദ്ദയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും ചെയ്തു.
ഒരു സിനിമ ചെയ്യാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഒരു നടന് മാത്രമല്ല, എത്ര പേരുടെ വികാരങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. സിനിമ കണ്ടുകഴിഞ്ഞാല്‍, അത് ഇഷ്ടപ്പെടാനും, ഇഷ്ടപ്പെടാതിരിക്കാനുള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. എന്നാല്‍ സിനിമ റിലീസിന് മുന്‍പേയുള്ള ഇത്തരം കാര്യങ്ങള്‍ എന്നെ വേദനിപ്പിച്ചു. എന്തുകൊണ്ടാണ് ആളുകള്‍ ഇത് ചെയ്യുന്നതെന്ന് അറിയില്ല. ഞാന്‍ ഈ രാജ്യത്തെ സ്നേഹിക്കുന്നില്ലെന്ന് ചിലര്‍ക്ക് തോന്നുന്നത് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അവര്‍ ചിന്തിക്കുന്നത് ശരിയല്ലെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്റെ രാജ്യത്തെയും ജനങ്ങളെയും സ്നേഹിക്കുന്നു. ദയവായി എന്റെ സിനിമ ബഹിഷ്കരിക്കരുതെന്നും തീയേറ്ററില്‍ പോയി സിനിമ കാണണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു - അമീര്‍ ഖാന് പറഞ്ഞു.