തെലുങ്കിന് പുറമെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് അല്ലു അര്ജുന്. ടോളിവുഡിന്റെ സ്റ്റൈലിഷ് സ്റ്റാര്‍ എന്നറിയപ്പെടുന്ന അല്ലുവിന് കേരളത്തിലും നിരവധി ആരാധകരുണ്ട്. കോടികള്‍ പ്രതിഫലം വാഗ്ദാനം ചെയ്ത ഒരു പുകയില ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ താരം നിരസിച്ചെന്ന വാര്‍ത്തയാണ് സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്.
അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായി മാറിയിരുന്നു പുഷ്പയിലെ ടൈറ്റില്‍ കഥാപാത്രം. സുകുമാര്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ചന്ദനക്കടത്തുകാരനായിട്ടാണ് അല്ലു അര്ജുന് അഭിനയിച്ചിരിക്കുന്നത്. പ്രതിനായകനായി എത്തിയത് മലയാളത്തിന്റെ ഫഹദ് ഫാസില്‍ ആയിരുന്നു. ഫഹദിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്.