പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ സിനിമകളുടെ പ്രഖ്യാപനം നടത്തി തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആര്‍. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ വമ്പന്‍ വിജയം നേടിയതിന് പിന്നാലെയാണ് താരം പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. കെജിഎഫ് സംവിധായകന് പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം നായകനാകുന്നത്.
നന്ദമൂരി കല്യാൺറാം അവതരിപ്പിച്ച്, യുവസുധ ആർട്സ്, എൻടിആർ ആർട്സിന്റെ ബാനറിൽ മിക്കിളിനേനി സുധാകർ, ഹരി കൃഷ്ണ കെ എന്നിവർ ചേർന്നാണ് നിർമാണം. രത്ന വേലു isc ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും സാബു സിറിള്‍ ആര്‍ട്ട് ഡയറക്ഷനും നിര്‍വഹിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നടന് മോഹന്‍ലാലും ജനതാ ഗാരേജില്‍ ജൂനിയര്‍ എന്‍ടി ആറിനൊപ്പം അഭിനിയിച്ചിരുന്നു.
മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ചലച്ചിത്ര താരവുമായ എന്‍.ടി രാമരാവുവിന്റെ ചെറമകനാണ് താരക്. 1997ല്‍ പുറത്തിറങ്ങിയ രാമായണം സിനിമയില്‍ ബാലതാരമായാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. 2001ല്‍ നായകനായി ആദ്യം അഭിനിയിച്ച ചിത്രം പരാജയമായിരുന്നു. ഇന്ന് തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജൂനിയര്‍ എന്‍ടിആര്‍