കോവിഡ് 19നെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഞായറാഴ്ച രാത്രി വീടുകളിൽ ദീപം തെളിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ചലച്ചിത്ര ലോകവും. നടൻ മമ്മൂട്ടി ഫേസ്ബുക്ക് വഴി ഐക്യദീപത്തിന് പിന്തുണയും ആശംസയും നേർന്നു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെ പ്രതീകമായ ദീപം തെളിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു.
കോവിഡ് എന്ന മഹാ വിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പത് മണിമുതൽ ഒമ്പത് മിനിട്ട് നേരം എല്ലാവരുടെയും വീടുകളിൽ തെളിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസയും.
'ഈ വരുന്ന ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് നിമിഷത്തേക്ക് എല്ലാവരും വീടുകളിലെ ലൈറ്റുകൾ അണയ്ക്കണം. പകരം വീടിന് മുന്നിലോ ബാൽക്കണിയിലോ മെഴുകുതിരി, ദിയ, ടോർച്ച് അല്ലെങ്കിൽ മൊബൈൽ വെളിച്ചം ഉപയോഗിച്ച് പ്രകാശം പരത്തണം. ആരും ഒറ്റയ്ക്കല്ല എന്ന് ആ പ്രകാശത്തിന്റെ കരുത്തിൽ നമുക്ക് തെളിയിക്കണം'- മോദി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി..
കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ 10 ദിവസം പിന്നിട്ടു. ഇതിന് പൂര്‍ണ്ണ പിന്തുണ നൽകിയ ജനങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ടായിരുന്നു മോദി ആരംഭിച്ചത്. ജനതാ കർഫ്യുവും ആരോഗ്യ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിക്കലും അടക്കം ലോകത്തിന് തന്നെ മാതൃകയായി നമ്മുടെ രാജ്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.