Kiran Rathod: നാൽപതാം വയസ്സിലും ഗ്ലാമർ ഗേൾ! താണ്ഡവത്തിലെ കിരണ്‍ റാത്തോഡിന്റെ പുതിയ ചിത്രങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
Kiran Rathod: നാൽപതാം വയസിലും ഗ്ലാമർ ഗേളായി നടി കിരൺ റാത്തോഡ്. താണ്ഡവം സിനിമയിൽ മോഹൻലാലിന്റെ നായികയായെത്തിയ താരത്തിന്റെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ചലച്ചിത്രനടിയും മോഡലുമാണ് കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. താണ്ഡവത്തിൽ മോഹൻലാലിന്റെ നായികയായെത്തിയ കിരൺ, തമിഴിലും ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ നായികയായി. നാൽപതാം വയസിലും ഗ്ലാമറസ്സാണ് താരം. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലായത്.
1981 ജനുവരി 11-ന് രാജസ്ഥാനിലെ ജയ്പൂരിൽ മോഹൻ സിംഗ് റാത്തോഡിന്റെയും അനിത റാത്തോഡിന്റെയും മകളായി ജനനം. രാജസ്ഥാനിലെ ഒരു രജപുത്ര കുടുംബത്തിലാണ് കിരൺ റാത്തോഡ് ജനിച്ചത്. ബോളിവുഡ് താരം രവീണ ഠണ്ഡന്റെയും അംജദ് ഖാന്റെയും ബന്ധുവാണ്. 1996 ൽ കിരൺ റാത്തോഡ് തന്റെ ബിരുദപഠനത്തിനായി മുംബൈ നഗരത്തിൽ എത്തിച്ചേർന്നു. മുംബൈയിലെ മിഥിഭായ് കോളേജിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. പഠനത്തിനു ശേഷം ഒരു ഹിന്ദി ചലച്ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.
1990 കളുടെ അവസാനത്തോടെ ഹിന്ദി പോപ് സോങ്ങ് ആൽബങ്ങളിലൂടെയാണ് കിരൺ റാത്തോഡ് അഭിനയരംഗത്തേക്കു കടന്നുവന്നത്. 2001 ൽ പുറത്തിറങ്ങിയ യാദേൻ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കു പ്രവേശിച്ചു. ഋത്വിക് റോഷൻ, കരീന കപൂർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണ് കിരണിനു ലഭിച്ചത്. യാദേൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു വലിയ പരാജയമായിത്തീർന്നു.
ചിത്രത്തിന്റെ പരാജയത്തിനു ശേഷം കിരൺ റാത്തോഡ് ഏതാനും ഹിന്ദി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. ചെറിയ വേഷങ്ങളിൽ അഭിനയിക്കുവാൻ തീരെ താത്പര്യമില്ലാതിരുന്നതിനാൽ വളരെ വേഗം തന്നെ ബോളിവുഡ് ഉപേക്ഷിച്ച് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കു കടന്നുവന്നു. 2002ൽ വിക്രം നായകനായ ജെമിനിയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു. കമൽ ഹാസൻ നായകനായ അൻപേ ശിവം, അജിത്ത് കുമാറിന്റെ വില്ലൻ (2002), പ്രശാന്തിന്റെ വിന്നർ (2003), ശരത് കുമാർ നായകനായ ദിവാൻ (2002) എന്നിങ്ങനെ കിരൺ റാത്തോഡ് അഭിനയിച്ച പല ചിത്രങ്ങളും മികച്ച സാമ്പത്തിക വിജയം നേടി.
ചലച്ചിത്രങ്ങളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുറച്ചു നാൾ സിനിമാ രംഗത്തുനിന്ന് വിട്ടുനിന്നു. ചെറിയ ഒരു ഇടവേളയ്ക്കുശേഷം 2009-ൽ നാളൈ നമതേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രത്തിൽ സരസു എന്ന അഭിസാരികയായുള്ള കിരണിന്റെ അഭിനയം ശ്രദ്ധേയമായിരുന്നുവെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടിരുന്നു. അതേത്തുടർന്ന് നിരവധി ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചു. മെലിന എന്ന ഇറ്റാലിയൻ ചലച്ചിത്രത്തെ ആസ്പദമാക്കി 2010-ൽ നിർമ്മിച്ച ഹൈ സ്കൂൾ എന്ന തെലുങ്ക് ചിത്രത്തിലെ കിരണിന്റെ വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. 30 വയസ്സുള്ള ഒരു സ്ത്രീക്ക് 15 വയസ്സുകാരനോടു തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


