തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നുപേലും താരം വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ സംവിധായകൻ വിഘ്നേഷനുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് നയസിന്റെ പുതിയ അഭിമുഖം. ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് താരം മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഘ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറയുന്നുണ്ട്.
ഈ അഭിമുഖത്തിലാണ് വിഘ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത് . കല്യാണത്തെ കുറിച്ചും താരം പറയുന്നുണ്ട്. വിവാഹത്ത കുറിച്ചുളള നയൻതാരയുടെ വാക്കുകൾ വൈറലായിട്ടുണ്ട്. ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ നേരത്തെ തന്നെ വിഘ്നേഷുമായുള്ള നയൻതാരയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
വിഘ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. 'വിരലോട് ഉയിർ കൂട കോർത്ത്,' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ നിശ്ചയം കഴിഞ്ഞുവെന്ന നയൻസ് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.
എന്നാൽ കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയൻസ് കൂട്ടിച്ചേർത്തു. കൂടാതെ വിഘ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ദിവ്യദർശിനിയുടെ ചോദ്യത്തിന് നടി പറഞ്ഞ മറുപടി ഇങ്ങനെ-. ''വിഘ്നേഷിന്റെ എല്ലാം ഇഷ്ടമാണ്. ഏത് കാര്യത്തിലും എപ്പോഴു തന്നെ പിന്തുണച്ച് കൂടെയുണ്ടാവാറുണ്ട്.'
'ഒരു കാര്യത്തിനും അദ്ദേഹത്തിനോട് തനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല. വീട്ടുകാരേയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്'- നയൻതാര പറയുന്നു'. അച്ഛന്റെ അസുഖത്തെ കുറിച്ചും അഭിമുഖത്തിൽ നയൻതാര പറയുന്നുണ്ട്.
'വിവാഹ വാർത്തകൾ ഒരുപാട് തവണയായി പ്രചരിക്കുന്നു. അത് സ്വാഭാവികമാണ്. ഞങ്ങൾ ഇരുവർക്കും പ്രൊഫഷണലായ പല ലക്ഷ്യങ്ങളും നിറവേറ്റേണ്ടതായുണ്ട്. അതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാകില്ല. മാത്രമല്ല ഇപ്പോൾ എങ്ങനെയാണോ കാര്യങ്ങൾ മുന്നോട്ട് പോകുന്നത് അതിൽ ഞങ്ങൾ സന്തുഷ്ടരാണ്'- അഭിമുഖത്തിൽ വിഘ്നേഷ് പറയുന്നു.