തീയേറ്ററുകളിൽ തരംഗം തീർത്ത കന്താര സിനിമയെക്കുറിച്ചുള്ള തന്റെ പ്രസ്താവനകൾക്ക് ലഭിച്ച ട്രോളുകളോട് ഒടുവിൽ പ്രതികരിച്ചിരിക്കുകയാണ് നടി രശ്മിക മന്ദാന. ഋഷഭ് ഷെട്ടിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രം താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് നടി ആഴ്ചകൾക്ക് മുൻപ് പറഞ്ഞത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ബെംഗളുരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെ, കാന്താരാ റിലീസ് ചെയ്ത് രണ്ട് മൂന്ന് ദിവസത്തിന് ശേഷം കണ്ടോ എന്ന് തന്നോട് ചോദിച്ചെന്നും ആ സമയത്ത് അത് കാണാൻ അവസരം ലഭിച്ചില്ലെന്നും രശ്മിക വിശദീകരിച്ചു.
എന്നാല്, ഇപ്പോൾ സിനിമ കണ്ടെന്നും ഇതിനുശേഷം കാന്താര ടീമിന് സന്ദേശമയച്ചിരുന്നുവെന്നും രശ്മിക പറയുന്നു. അവർ തനിക്ക് മറുപടിയും അയച്ചു. “സിനിമ റിലീസ് ചെയ്ത് 2-3 ദിവസം കഴിഞ്ഞ് കണ്ടോ എന്ന് എന്നോട് ചോദിച്ചു. അപ്പോൾ എനിക്ക് കാണാൻ കഴിഞ്ഞില്ല. ഞാനിപ്പോൾ അത് കാണുകയും ടീമിന് സന്ദേശമയക്കുകയും ചെയ്തു. സന്ദേശത്തിന് അവർ നന്ദിയും പറഞ്ഞു. യഥാർത്ഥത്തിൽ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം അറിയുന്നില്ല. ഞങ്ങളുടെ സ്വകാര്യ ജീവിതത്തിൽ ക്യാമറ വെച്ചിട്ട് അത് കാണിക്കാൻ ഞങ്ങൾക്ക് കഴിയില്ല, ”- രശ്മിക പറഞ്ഞു.
തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടുകൾ തനിക്ക് പ്രശ്നമല്ലെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ പ്രൊഫഷണൽ പ്രോജക്റ്റുകളെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകളാണ് താൻ ശ്രദ്ധിക്കുന്നത്. കന്നഡ സിനിമയിൽ തനിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്തയെ കുറിച്ച് രശ്മിക പറഞ്ഞത് ഇങ്ങനെ- “ഇതുവരെ ഒരു നിർമ്മാതാവും എന്നെ വിലക്കിയിട്ടില്ല.”
കഴിഞ്ഞ മാസം, പരസ്പരം പേരുകൾ പറയാതെ അഭിമുഖത്തിൽ രശ്മികയും ഋഷഭ് ഷെട്ടിയും സംസാരിച്ചതോടെയാണ് കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. തന്റെ സിനിമയിലേക്കുള്ള യാത്രയെ കുറിച്ച് സംസാരിക്കുമ്പോൾ, ഒരു പ്രൊഡക്ഷൻ ഹൗസിൽ നിന്ന് ഒരു കോൾ വന്നതിനെ കുറിച്ച് രശ്മിക പറഞ്ഞു. ആദ്യം അത് ഒരു തമാശ കോളാണെന്ന് കരുതിയതെന്നും രശ്മിക പറഞ്ഞിരുന്നു. തന്റെ ആദ്യ ചിത്രത്തിലെ വേഷം നേടിയെടുത്തത് അടക്കമുള്ള വിശേഷങ്ങൾ താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആദ്യ സിനിമയുടെ നിർമാണ കമ്പനിയുടെ പേര് പറയാതിരുന്നതാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വിമർശനത്തിന് കാരണമായത്. ഋഷഭ് ഷെട്ടിയുടെ സുഹൃത്തായ രക്ഷിത് ഷെട്ടിയുടെ നിർമാണ കമ്പനിയായ പരംവാഹ് സ്റ്റുഡിയോ ആയിരുന്നു രശ്മികയുടെ ആദ്യ ചിത്രം നിർമിച്ചത്.
ഇതിനോട് ഋഷഭ് ഷെട്ടി മറ്റൊരു അഭിമുഖത്തിൽ പ്രതികരിച്ചതോടെ വലിയ ചർച്ചകൾക്കാണ് കന്നഡ സിനിമാ രംഗം സാക്ഷ്യം വഹിച്ചത്. സാമന്ത റൂത്ത് പ്രഭു, രശ്മിക മന്ദാന, കീർത്തി സുരേഷ്, സായ് പല്ലവി എന്നിവരിൽ ആരോടൊപ്പമാണ് തന്റെ അടുത്ത പ്രോജക്റ്റിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്ന് അഭിമുഖത്തിനിടെ അവതാരകൻ ഋഷഭിനോട് ചോദിച്ചു. ഹരികഥേ അല്ല ഗിരികഥേ നടൻ പറഞ്ഞു, “എനിക്ക് അത്തരം ടൈപ്പ് നടിമാരെ ഇഷ്ടമല്ല. പക്ഷേ, സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്'' എന്നാണ് ഋഷഭ് പ്രതികരിച്ചത്.