ന്യൂഡൽഹി: ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ വാറന്റ് അയച്ച് റാഞ്ചി സിവിൽ കോടതി. അമീഷയുടെ ബിസിനസ്സ് പാർട്ട്ണർ ക്രുനാലിനെയും ഉൾപ്പെടുത്തിയാണ് കോടതി വാറന്റ് അയച്ചത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ചലച്ചിത്ര നിർമ്മാതാവ് അജയ് കുമാർ സിംഗാണ് അമീഷയ്ക്കും ക്രൂനാലിനുമെതിരെ പരാതി നൽകിയത്. തട്ടിപ്പ്, ചെക്ക് മടങ്ങൽ എന്നിവ സംബന്ധിച്ചാണ് പരാതി.
ദേശി മാജിക് എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി അമീഷയും ബിസിനസ്സ് പങ്കാളിയും തന്റെ കൈയ്യിൽ നിന്ന് 2.5 കോടി രൂപ വാങ്ങിയിരുന്നുവെന്നാണ് നിർമ്മാതാവ് അജയ് കുമാർ സിംഗ് പറയുന്നു. ചിത്രം പുറത്തിറങ്ങിയ ശേഷം തുക പലിശ സഹിതം തിരിച്ച് നൽകാമെന്ന് ഇരുവരും തന്നോട് പറഞ്ഞിരുന്നതുമാണ്. എന്നാൽ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി.
തുടർന്ന് പണം തിരിച്ചുവേണമെന്ന് താൻ അമീഷയോട് പറഞ്ഞിരുന്നു. എന്നാൽ തന്റെ ആവശ്യം അവർ നിരസ്സിക്കുകയായിരുന്നുവെന്നും നിർമ്മാതാവ് പറഞ്ഞു. തുടർന്ന് നിരവധി തവണത്തെ അഭ്യർത്ഥനയ്ക്കൊടുവിൽ 2.5 കോടി രൂപയുടെയും 50 ലക്ഷത്തിന്റെയും ഒരു ചെക്കാണ് അമീഷ തനിക്ക് തന്നതെന്ന് അജയ് പറഞ്ഞു. 2018 ഒക്ടോബറിലാണ് ചെക്ക് തന്നത്. എന്നാൽ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് പരാതിയുമായി ഇദ്ദേഹം രംഗത്തെത്തിയത്.
മുമ്പ് സഞ്ജയ് ദത്തും അമീഷ പട്ടേലും തമ്മിലുള്ള ഒരു തർക്കം മാധ്യമങ്ങൾ ഏറെ ആഘോഷിച്ചിരുന്നു. ഇത് പക്ഷെ ഏറെ ബാധിച്ചത് നടിയുടെ കരിയറിനെ ആയിരുന്നു. 2012ൽ ഗോവയിൽ ഡേവിഡ് ധവാന്റെ മൂത്ത മകൻ രോഹിത് ധവാന്റെ സംഗീത ചടങ്ങിനിടെയാണ് ഇതെല്ലാം ആരംഭിച്ചത്. സഞ്ജയ് ദത്തും ഭാര്യ മാന്യതയും നടി അമീഷ പട്ടേലും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. തീർത്തും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങളാണ് അവിടെ അരങ്ങേറിയത്.
ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു വാർത്ത പ്രകാരം, അമീഷ ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത് വളരെ എക്സ്പോസിംഗ് ആയ ഗൗൺ ധരിച്ചാണ്. അത് സഞ്ജയ് ദത്തിന് അത്ര ഇഷ്ടമായില്ല. 'സഞ്ജു വളരെ പരമ്പരാഗത ചിന്തയുള്ള ഒരു വ്യക്തിയാണ്. അദ്ദേഹം സ്ത്രീകൾ ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിൽ തത്പരനല്ല,' വ്യവസായ രംഗത്തെ ഒരു വ്യക്തി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അമീഷയെ സഞ്ജയ് ഉടൻ തന്നെ ഒരു ദുപ്പട്ട കൊണ്ട് മറച്ചു. നടന്റെ പ്രവർത്തിയെ നടി തെറ്റായി വ്യാഖ്യാനിച്ചതാണ് ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായത്.