കോവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ഇത്തവണ വെർച്വലായാണ് ഫിയാഫ് പുരസ്ക്കാര ദാന ചടങ്ങ് നടക്കുന്നത്. മാർച്ച് 19ന് നടക്കുന്ന ചടങ്ങിൽ ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫര്‍ നോളന്, മാര്ട്ടിന് സ്കോര്‍സേസ് എന്നിവര്‍ ചേര്‍ന്നാണ് ബച്ചന് അവാർഡ് സമ്മാനിക്കുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്കാരത്തിനായി നാമ നിര്‍ദ്ദേശം ചെയ്തത്. 2015 മുതല്‍ ബച്ചന് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ചലച്ചിത്ര നടൻ എന്നതിന് പുറമെ നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ, പിന്നണി ഗായകൻ, മുൻ രാഷ്ട്രീയക്കാരൻ എന്നീ നിലകളിലും പ്രശസ്തനാണ്. 1970 കളുടെ തുടക്കത്തിൽ പുറത്തിറങ്ങിയ സഞ്ജീർ, ദിവാർ, ഷോലെ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന് സൂപ്പർതാര പദവി സമ്മാനിച്ചു. ബോളിവുഡിലെ വേഷങ്ങൾ അദ്ദേഹത്തെ ഇന്ത്യയുടെ "ക്ഷുഭിതനായ യുവാവ്" എന്ന വിശേഷണം സമ്മാനിച്ചു. ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് ("നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ" എന്ന് ഹിന്ദി), സ്റ്റാർ ഓഫ് മില്ലേനിയം ബിഗ് ബി എന്നിങ്ങനെയും അമിതാഭ് ബച്ചനെ ചലച്ചിത്രലോകം വിശേഷിപ്പിക്കുന്നു,
ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതത്തിൽ 190 ലധികം ഇന്ത്യൻ സിനിമകളിൽ ബച്ചൻ അഭിനയിച്ചു. ഇന്ത്യൻ സിനിമയുടെയും ലോക സിനിമയുടെയും ചരിത്രത്തിലെ ഏറ്റവും മഹത്തായതും സ്വാധീനമുള്ളതുമായ നടന്മാരിൽ ഒരാളായി ബച്ചനെ വിശേഷിപ്പിക്കുന്നു. 1970 കളിലും 1980 കളിലും ഇന്ത്യൻ ചലച്ചിത്രരംഗം പൂർണ്ണമായും അദ്ദേഹത്തിന്റെ ആധിപത്യത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ "വൺ-മാൻ ഇൻഡസ്ട്രി" എന്ന് വിളിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറം, ആഫ്രിക്ക (ദക്ഷിണാഫ്രിക്ക പോലുള്ളവ), മദ്ധ്യപൂർവ്വേഷ്യ (പ്രത്യേകിച്ച് ഈജിപ്ത്), യുണൈറ്റഡ് കിംഗ്ഡം, റഷ്യ, അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ബച്ചന് നിരവധി ആരാധകരുണ്ട്.
മികച്ച നടനുള്ള നാല് ദേശീയ അവാർഡുകൾ, ആജീവനാന്ത നേട്ടത്തിനുള്ള ദാദാസാഹേബ് ഫാൽക്കെ അവാർഡ്, അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും അവാർഡ് ദാന ചടങ്ങുകളിലും ലഭിച്ചിട്ടുള്ള നിരവധി പുരസ്ക്കാരങ്ങൾ ബച്ചൻ തന്റെ കരിയറിൽ നേടിയിട്ടുണ്ട്. പതിനഞ്ച് ഫിലിംഫെയർ അവാർഡുകൾ നേടിയ അദ്ദേഹത്തിന് 41 തവണ ഫിലിംഫെയറിൽ മികച്ച നടനുള്ള നോമിനേഷൻ ലഭിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ, പിന്നണി ഗായകൻ, ചലച്ചിത്ര നിർമ്മാതാവ്, ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹു വാണ്ട്സ് ടു ബി എ മില്ല്യണർ? എന്ന ഗെയിം ഷോയുടെ ഇന്ത്യൻ പതിപ്പായ കോൻ ബനേഗ ക്രോർപതിയുടെ നിരവധി സീസണുകളിൽ അദ്ദേഹം അവതാരകനായിരുന്നു.