ഷെഫീക്കിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടൻ ബാലയെ പിന്തുണയ്ക്കുന്നുവെന്ന് നടി അഞ്ജലി അമീര്‍. ജൂനിയര്‍ ആർട്ടിസ്റ്റിനു പോലും 3000 മുതല്‍ 5000 വരെ കിട്ടുന്ന കാലത്തു ബാലയെ പോലെയുള്ള ഒരു നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്നും ഉണ്ണി മുകുന്ദന് കാണിച്ച കണക്കില്‍ താളപ്പിഴകളുണ്ടെന്നും അഞ്ജലി ആരോപിച്ചു.
അഞ്ജലി അമീറിന്റെ കുറിപ്പ് - ''ഞാന്‍ ബാലയെ ശക്തമായി പിന്തുണയ്ക്കുന്നു, എന്തുകൊണ്ടെന്നാല്‍ ഒരു ജൂനിയര്‍ ആർട്ടിസ്റ്റിനു പോലും 3000 മുതല്‍ 5000 വരെ കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടറിനു ഉണ്ണിമുകുന്ദന് ദിനവും 10,000 രൂപ പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും ബാക്കിയുള്ളവര്‍ക്ക് കൊടുത്ത പ്രതിഫലത്തിലും കണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദന് പറയുന്നതില്‍ വശപ്പിശക് തോന്നുന്നു. ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാന് കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത്.
ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ബാല ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ഉണ്ണി മുകുന്ദന് താനടക്കം സിനിമയില്‍ പ്രവര്‍ത്തിച്ച ഒട്ടേറെ പേര്‍ക്ക് പ്രതിഫലം നല്‍കിയില്ലെന്നും സ്ത്രീകള്‍ക്ക് മാത്രമാണ് പണം നല്‍കിയതെന്നും ബാല ആരോപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരണവുമായി രംഗത്തെത്തി
ഉണ്ണി മുകുന്ദന്റെ വാക്കുകൾ- ''ബാലയ്ക്കുള്ള മറുപടിയല്ല, എന്നെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള വിശദീകരണമാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ബാല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ഒരു സുഹൃത്തെന്ന നിലയില്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. വലിയ മഹത്തരമായ കാര്യമായി ഞാനൊരിക്കലും പറയുന്നതല്ല. ബാലയുടെ വ്യക്തി ജീവിതത്തില്‍ നടക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹത്തിന് സിനിമാരംഗത്ത് നിന്ന് പോയ ചുരുക്കം ചില വ്യക്തികളില്‍ ഒരാളായിരുന്നു ഞാന്‍. ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു ഷഫീക്കിന്റെ സന്തോഷത്തില്‍ ബാല അഭിനയിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് ഞാനായിരുന്നു ബാലയെ നിര്‍ദ്ദേശിച്ചത്. ബാല തന്നെ ഡബ്ബ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം പ്രതിഫലം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നല്കി''
ഉണ്ണി മുകുന്ദന്റെ വാക്കുകൾ- ''ബാല സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തപ്പോള്‍ ഒന്നു രണ്ടിടത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റാണ് ആ ഭാഗങ്ങള്‍ ചെയ്തത്. സംവിധായകന് തൃപ്തനായിരുന്നില്ല. എന്നാല്‍ ഒരു നിര്‍മാതാവെന്ന നിലയില്‍ ഞാന്‍ കണ്ണടച്ചു. സൗഹൃദത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ് ഞാന്‍. ഇതുപോലൊന്ന് ജീവിതത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ല. ഇനി ഭാവിയില്‍ സംഭവിക്കില്ലെന്നും വിശ്വസിക്കുന്നു. ഈ സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് ഉണ്ണി മുകുന്ദന് പൈസ കൊടുത്തത് എന്നാണ് ബാല പറഞ്ഞത്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല ടെക്നീഷ്യന്മാര്ക്കെല്ലാം പണം കൊടുത്തിട്ടുണ്ട്. ആര്‍ക്കും പ്രതിഫലം വാങ്ങാതെ ജോലി ചെയ്യാന്‍ സാധിക്കില്ല.''
ഉണ്ണി മുകുന്ദന്റെ വാക്കുകൾ- ''ഇത് മാര്‍ക്കറ്റിങ്ങ് അല്ല. എന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് മാത്രമാണ് ഈ വിഷയം തുറന്ന് പറയുന്നത്. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. എന്നെ സിനിമാ മേഖലയില്‍ നിന്ന് ഒരുപാട് പേര് വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. ബാലയ്ക്ക് ഇനിയും നല്ല സിനിമകള്‍ ചെയ്യാന്‍ സാധിക്കട്ടെ. ബാലയുടെ സിനിമയിലെ പ്രകടനം എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടു. ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ ഉള്ള വിഷയം ഞാന്‍ അറിഞ്ഞുകൊണ്ടല്ല. ഞങ്ങളല്ല അവിടെ പ്രശ്നം ഉണ്ടാക്കുന്നത്. സ്റ്റുഡിയോ ആണ്. അവിടെ ആള്ക്കാര് നില്ക്കുന്നതില് ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോള്‍ അത് പ്രശ്നമാകില്ലേ. ഞാന്‍ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീല്‍ ചെയ്തിരിക്കുന്നത്''