സൂരറൈ പോട്രിലെ തന്റെ കഥാപാത്രത്തിന് പുരസ്കാരം ലഭിക്കാന്‍ സംവിധായിക സുധാ കൊങ്ങര ആഗ്രഹിച്ചിരുന്നതായി നടി അപര്‍ണ ബാലമുരളി (Aparna Balamurali). അവര്‍ തന്നിലേല്‍പ്പിച്ച വിശ്വാസം കാരണമാണ് തനിക്ക് ഈ നേട്ടം ലഭിച്ചതെന്നും അപര്‍ണ പറഞ്ഞു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അപര്‍ണ. ഇനി ഉത്തരം എന്ന സിനിമയുടെ സെറ്റിൽവെച്ചായിരുന്നു പുരസ്കാര നേട്ടത്തിന്റെ വാർത്തയറിഞ്ഞത്. പിന്നാലെ വലിയ ആഘോഷത്തിനാണ് സെറ്റ് വേദിയായി.
"ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ്, ആദ്യമായിട്ടാണ് ഇത്തരത്തിലൊരു അനുഭവം. എല്ലാവര്ക്കും നന്ദി. ഈ കഥാപാത്രത്തിന് പുരസ്കാരം ലഭിക്കണമെന്ന് ഈ ചിത്രത്തിന്റെ സംവിധായിക സുധ മാമിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാരണം മാത്രമാണ് ഞാനിവിടെ നില്‍ക്കുന്നത്. ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് ആവശ്യമായ സമയം സുധ മാം തന്നു. അതിനാല്‍ നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തിയത്. സിനിമയെക്കുറിച്ചൊന്നും കാര്യമായ ധാരണ എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ ഇനിയും ഒരുപാട് പഠിക്കണം എന്നാണ് ആഗ്രഹം. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഈ കഥാപാത്രത്തിനായി നല്ല രീതിയില്‍ പരിശീലനം ലഭിച്ചിരുന്നു. മധുര തമിഴ് പറയാന്‍ ഉള്‍പ്പടെ ഒരുപാട് പേര് സഹായിച്ചു. വലിയൊരു ടീം വര്‍ക്കായിരുന്നു ആ സിനിമ." - അപര്‍ണ പ്രതികരിച്ചു.
എ ആൻഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി കെ, പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ,വിനോഷ് കൈമൾ, കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്-ജെഫിൻ ബിജോയ്, പരസ്യകല-ജോസ് ഡോമനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആൻഡ് മാർക്കറ്റിംങ്- H20 Spell. പി ആർ ഒ-എ എസ് ദിനേശ്