പ്രേമം എന്ന സിനിമയിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. അടുത്തിടെ ഒരു ഷോപ്പിംഗ് മാൾ ഉദ്ഘാടനത്തിന് പോയ നടി അനുപമ പരമേശ്വരനുണ്ടായ ദുരനുഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. തിങ്കളാഴ്ച, തെലങ്കാനയിലെ സൂര്യപേട്ട ജില്ലയിലെ കൊഡാഡയിൽ പിപിആർ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി താരം പങ്കെടുത്തിരുന്നു.
അനുപമയെ കാണാൻ നാട്ടുകാരും ആരാധകരും ഒഴുകിയെത്തി. മനോഹരമായ പുഞ്ചിരിയോടെ അവർ ജനങ്ങളെ അഭിവാദ്യം ചെയ്തു. തുടർന്ന് മാൾ ഉദ്ഘാടനം ചെയ്ത് അൽപനേരം മാധ്യമങ്ങളോട് സംവദിച്ചു. പരിപാടി കഴിഞ്ഞ് അനുപമ പോകുമ്പോൾ ചില ആരാധകർ സെൽഫിയെടുക്കാൻ അവരുടെ അടുത്തേക്ക് തള്ളിക്കയറി എത്തി. കുറച്ചു നേരം കൂടി അവിടെ നിൽക്കാൻ ആരാധകർ താരത്തോട് ആവശ്യപ്പെട്ടു.
എന്നാൽ സമയം വളരെ വൈകിയതിനാൽ അവർ പോകാൻ തീരുമാനിച്ചു. ഇതിനിടയിൽ, കുറച്ചുനേരം അവിടെ നിൽക്കണമെന്ന് ആവശ്യപ്പെട്ട് ചില അക്രമികൾ അനുപമയുടെ കാറിന്റെ ടയറുകൾ ഊരിമാറ്റി. ആരാധകരുടെ ഈ ചെയ്തി കണ്ട് അനുപമ ഞെട്ടി. ഉടൻ ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന താരം ശരിക്കും പെരുവഴിയിലായി. എന്നാൽ ഉടൻ തന്നെ ഷോപ്പിങ് മാളിന്റെ മാനേജർമാർ അനുപമയ്ക്ക് മറ്റൊരു കാർ ഏർപ്പാട് ചെയ്ത് ഹൈദരാബാദിലേക്ക് അയച്ചു. ഇപ്പോൾ താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ കയ്പേറിയ അനുഭവം അനുപമയെ വല്ലാതെ ഞെട്ടിച്ചുവത്രെ.
റൗഡി ബോയ്സിന്റെ വിജയത്തിന് ശേഷം, തെലുങ്ക് ഭാഷയിൽ വരാനിരിക്കുന്ന അതിമാനുഷിക ചിത്രമായ കാർത്തികേയ 2 ലാണ് അനുപമ അഭിനയിക്കുന്നത്. ചന്ദു മൊണ്ടേറ്റിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അഭിഷേക് അഗർവാൾ ആർട്സ് ആൻഡ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ അഭിഷേക് അഗർവാളും ടിജി വിശ്വ പ്രസാദും ചേർന്ന് നിർമ്മിച്ച കാർത്തികേയ 2 2014-ൽ പുറത്തിറങ്ങിയ കാർത്തികേയ എന്ന ചിത്രത്തിന്റെ തുടർച്ചയാണ്. നിഖിൽ സിദ്ധാർത്ഥും അനുപമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 22ന് ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.