കൊല്‍ക്കത്ത: ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദറി(21)നെ (Bidisha De Majumdar) ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഉടൻ തന്നെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനും തുടർ നടപടികൾക്കുമായി ആർജി കാർ ആശുപത്രിയിലേക്ക് അയച്ചു. ബിദിഷയുടെ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
മോഡലും നടിയുമായ ബിദിഷ കഴിഞ്ഞ നാലുമാസമായി കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസം. കാമുകനുമായുള്ള പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അനുഭാബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു. അടുത്തിടെ പ്രണയബന്ധത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടിയുടെ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആര് ജി ഖാര് ആശുപത്രിയിലേക്ക് മാറ്റി.
2021-ൽ ‘ഭാർ- ദ ക്ലൗൺ’ എന്ന ഹ്രസ്വചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് ബിദിഷ ഡേ മജുംദാർ ഒരു ജനപ്രിയ മോഡലായിരുന്നു. അനിർബേദ് ചതോപാധ്യായയാണ് ചിത്രം സംവിധാനം ചെയ്തത്, നടൻ ദേബ്രജ് മുഖർജിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. നടിയുടെ വിയോഗ വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ ബംഗാളി ടിവി നടി പല്ലവി ഡേയെയും കൊൽക്കത്തയിലെ ഗാർഫയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് നടിയെ കണ്ടെത്തിയത്.
നടൻ സുമൻ ഡേ സംഭവത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുകയും മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ട ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു. "ഇത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്, ശരിക്കും സങ്കടകരമാണ്. മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, നമ്മെ ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക. ഞാൻ എന്റെ ജീവിതത്തിൽ ഒരുപാട് കണ്ടിട്ടുണ്ട്, എന്റെ കരിയറിൽ കഷ്ടപ്പെട്ടു. അതിനാൽ, ഞാൻ ചെറുപ്പക്കാരെ കാണുമ്പോഴെല്ലാം, അവരോട് ക്ഷമയോടെയിരിക്കാനും ഒന്നിലും പെട്ടുപോകാതിരിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ, അത് ഉറ്റസുഹൃത്തോ സഹോദരനോ മാതാപിതാക്കളോ ആരുമായും ആരോടെങ്കിലും പങ്കിടണം. എന്റെ ജീവിതത്തിൽ ഞാൻ ഇത് എപ്പോഴും പിന്തുടരുന്നു, ”അദ്ദേഹം ഇ-ടൈംസിനോട് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)