ബോളിവുഡ് ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമകളില്‍ ട്രെന്റനുസരിച്ച് മാസും ക്ലാസുമായ നിരവധി നായികാ കേന്ദ്രീകൃത സിനിമകള്‍ ഇറങ്ങിയ വര്‍ഷമാണ് 2019. ക്ലീഷേ നായികാ കേന്ദ്രീകൃതം എന്നതിനപ്പുറം പൊതു സമൂഹത്തില്‍ സ്ത്രീകളെ എങ്ങനെയൊക്കെ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന് കൂടി മലയാളത്തിലടക്കം ഇറങ്ങിയ ചില സിനിമകള്‍ കാണിച്ചു തരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മലയാളത്തിലടക്കം ഇറങ്ങിയ ചില സിനിമകള്‍ . നവാഗതരായ സംവിധായകരും അവരുടെ മികച്ച സ്ത്രീകഥാപാത്രങ്ങളുമാണ് 2019 ലെ മലയാള സിനിമയുടെ പ്രത്യേകത.
പാര്‍വ്വതി - ഉയരെ: കാമുകന്റെ ആസിഡ് ആക്രമണത്തില്‍ തളരാതെ ഉയരങ്ങളിലേക്ക് പറന്ന പല്ലവി രവീന്ദ്രന് മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളിലുണ്ടാകുന്ന മാറ്റത്തിന്റെ സൂചനയായി കാണാം. നായകന് മുന്നില്‍ ഒറ്റ ഡയലോഗിലോ ചുംബനത്തിലോ നിഴല്‍ മാത്രമായി പോകുന്ന നായികമാരായിരുന്നു ഒരുകാലത്ത് മലയാള സിനിമയുടെ മുഖമുദ്ര. അതില്‍ നിന്ന് വിപരീതമായി സ്വപ്നങ്ങള്‍ വെട്ടിപ്പിടിക്കുന്ന ചുറുചുറക്കുള്ള പെണ്‍കുട്ടികളെ മലയാള സിനിമയും പ്രേക്ഷകരും സ്വീകരിക്കുന്ന വര്‍ഷങ്ങളാണ് കടന്നു പോയത്. ഈ വര്‍ഷം മലയാളത്തില്‍ പാര്‍വ്വതി അവതരിപ്പിച്ച പല്ലവി രവീന്ദ്രന് തന്നെ ഒന്നാം സ്ഥാനം.
ഗ്രേസ് ആന്റണി - കുമ്പളങ്ങി നൈറ്റ്സ്: 'ഏത് ടൈപ്പ് ചേട്ടനാണെങ്കിലും മര്യാദയ്ക്ക് സംസാരിക്കണം' നായികാ കഥാപാത്രമോ, കൂടുതല്‍ സ്ക്രീന്‍ സ്പേസോ ഇല്ലെങ്കില്‍ പോലും ഈ ഒരു ഡയലോഗ് മതി ഗ്രേസ് ആന്റണി അവതരിപ്പിച്ച സിമിയെ മറക്കാതിരിക്കാന്‍. ഒറ്റ ഡയലോഗില്‍ ഷമ്മി എന്ന ഹീറോയെ സീറോ ആക്കി സിമി മലയാള സിനിമയിലെ മെയില്‍ ഷോവനിസത്തിന് കൊടുത്ത അടിയുടെ ക്ഷീണം മാറ്റാന്‍ ഇനി എത്ര നായകന്മാര് വരേണ്ടി വരും? ശ്യാം പുഷ്കരന് എന്ന തിരക്കഥാകൃത്തിനും ആദ്യ സംവിധാനത്തിലൂടെ തന്നെ മലയാള സിനിമയില്‍ കസേര വലിച്ചിട്ട മധു സി നാരായണനും ഫുള്‍ മാര്‍ക്ക്.
[caption id="attachment_190405" align="aligncenter" width="719"] രമ്യ വത്സല - ഉടലാഴം: മലയാള സിനിമ ഉടലാഴത്തിലെ മാതിയെ സ്വീകരിച്ചോ? പതിവ് സൗന്ദര്യ സങ്കല്‍പ്പങ്ങളും നായികാ സങ്കല്‍പ്പങ്ങളും ഒന്നുമില്ലാത്ത സ്ത്രീയാണ് രമ്യ വത്സല അവതരിപ്പിച്ച മാതി. നേരത്തേ ഒന്നോ രണ്ടോ സിനിമകളില്‍ മുഖം കാണിച്ചു പോയ രമ്യ വത്സല എന്ന നടിയെ ഉടലാഴത്തിലെ മാതി കൃത്യമായി അടയാളപ്പെടുത്തുന്നു. ഫിലിം ഫെസ്റ്റുകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് പക്ഷേ, സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ അര്‍ഹിച്ച സ്വീകാര്യത ലഭിച്ചില്ല. മാതിയും ഉടലാഴവും പറയുന്നത് കാലങ്ങളായി നമുക്കിടയില്‍ ചിലര്‍ മാത്രം അനുഭവിക്കേണ്ടി വരുന്ന വിവേചനത്തെ കുറിച്ചാണ്, അതിന്റെ രാഷ്ട്രീയമാണ്. ഉറപ്പായും കണ്ടിരിക്കേണ്ട മലയാള സിനിമയില്‍ ഒന്നാണ് ഉണ്ണികൃഷ്ണന് ആവള സംവിധാനം ചെയ്ത ഉടലാഴം.
വീണ നന്ദകുമാര്‍- കെട്ട്യോളാണ് എന്റെ മാലാഖ: 'ഭൂമിയേക്കാളും ക്ഷമയുള്ള സൗഭാഗ്യ ദേവി' സങ്കല്‍പ്പത്തിലുള്ള മുന്‍കാല മലയാള സിനിമകളിലെ ഭാര്യയല്ല റിന്‍സി. ഭര്‍ത്താവില്‍ നിന്ന് നേരിടേണ്ടി വരുന്ന അസ്വാഭാവിക പെരുമാറ്റങ്ങളോടുള്ള റിന്‍സിയുടെ പ്രതികരണം 'മാരിറ്റല്‍ റേപ്പ്' സാധാരണമായ നമ്മുടെ സമൂഹത്തില്‍ പലര്‍ക്കും പ്രചോദനമാകട്ടെ. റിന്‍സി നമുക്ക് ചുറ്റുമുള്ള പലരുമാണ്. പുറമേക്ക് സന്തോഷത്തോടെ കാണുന്ന പല കുടുംബങ്ങളിലേയും സ്ത്രീകളുടെ അവസ്ഥയാണ് കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ വീണ നന്ദകുമാറിന്റെ കഥാപാത്രം ചൂണ്ടിക്കാട്ടുന്നത്. പങ്കാളിയുടെ മേല്‍ അധികാരം സ്ഥാപിക്കലല്ല രണ്ടു പേര് ഒന്നിച്ചു ജീവിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നതെന്ന് ഈ കാലഘട്ടത്തിലും അടിവരയിട്ട് പറഞ്ഞു വെക്കേണ്ടി വരുന്നു എന്നത് തന്നെയാണ് നവാഗതനായ നിസാം ബഷീറിനേയും അദ്ദേഹത്തിന്റെ സിനിമയേയും സെപ്ഷ്യല്‍ ആക്കുന്നത്.
അന്ന ബെന്‍ - ഹെലന്: രണ്ടാമത്തെ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനത്തിലൂടെ അന്ന ബെന്‍ മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ച സിനിമയാണ് ഹെലന്. അവിചാരിതമായി അപകടകരമായ അവസ്ഥയില്‍ പെട്ടുപോകുന്ന മനുഷ്യനെ രക്ഷിക്കാന്‍ സൂപ്പര്‍ഹീറോകള്‍ ഉണ്ടാകില്ല. മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് സാധാരണ മനുഷ്യന്റെ ബലം. ഹെലനായി അന്ന ബെന്‍ അത് ഗംഭീരമാക്കി. മാത്തുക്കുട്ടി സേവ്യരുടെ ആദ്യ സംവിധാന സംരഭമാണ് ചിത്രം.
രജിഷ വിജയന്- സ്റ്റാന്‍ഡ് അപ്പ്, ഫൈനല്‍സ്: വ്യത്യസ്തമായ രണ്ട് വേഷങ്ങളില്‍ മികച്ച പ്രകടനമാണ് രജിഷ വിജയന്റേത്. സംസ്ഥാന അവാര്‍ഡ് ജേതാവ് സംവിധായകന് വിധു വിന്‍സെന്റിന്റെ ചിത്രമാണ് ഉമേഷ് ഒമാനകുട്ടന് എഴുതിയ സ്റ്റാന്‍ഡ് അപ്പ്. അക്രമത്തില്‍ ഇരായക്കപ്പെട്ട പെണ്‍കുട്ടിയില്‍ നി ന്നുംഅതിജീവിച്ചതിലേക്കുള്ള യാത്ര രജിഷ കൈയ്യടക്കത്തോടെ സ്റ്റാന്‍ഡ് അപ്പില്‍ അവതരിപ്പിച്ചു. ഇതില്‍ നിന്ന് വ്യത്യസ്തമായി നവാഗതനായ പിആര്‍ അരുണ്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഫൈനല്‍സില്‍ സൈക്ലിസ്റ്റായി രജിഷ പ്രേക്ഷകരെ കൈയ്യിലെടുക്കുന്നു.
മഞ്ജു വാര്യര്‍ - പ്രതി പൂവന് കോഴി: തിരിച്ചുവരവില്‍ മഞ്ജുവിന്റെ ഏറ്റവും മികച്ച പ്രകടനം വെട്രിമാരന് സംവിധാനം ചെയ്ത അസുരനിലേതാണ്. അത്രത്തോളമില്ലെങ്കിലും റോഷന് ആന്‍ഡ്ര്യൂസിന്റെ പ്രതി പൂവന് കോഴിയില്‍ മഞ്ജുവിന്റെ ശക്തമായ പ്രകടനം കാണാം. ബസ് യാത്രക്കിടെ മോശമായി പെരുമാറിയ ആളോട് പകരം ചോദിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന മാധുരി എന്ന സെയില്‍സ് ഗേളായി മഞ്ജു മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.