സര്‍ക്കാരിനെതിരെ പ്രക്ഷോഭം നയിച്ച സോളാനസിന് ഒരിക്കല്‍ തെരുവില്‍ വച്ച് വെടിയേറ്റു. വെടി കൊണ്ടു പരുക്കേറ്റ് ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അദ്ദേഹം വിളിച്ചുപറഞ്ഞത് അര്‍ജന്റീന മുട്ടുകുത്തുകയില്ല, താന്‍ നിശബ്ദനാകാനും പോകുന്നില്ല എന്നായിരുന്നു. വെടിയേറ്റ് പിടയുമ്പോഴും നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ആ വിപ്ലവകാരിയാണ് ഇപ്പോള്‍ നമുക്കൊപ്പം ഈ വേദിയിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗൗരി ലങ്കേഷിന്റെയും നരേന്ദ്ര ദാബോല്‍ക്കറുടെയും കല്‍ബുര്‍ഗിയുടെയും ശബ്ദം മുഴങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. രാഷ്ട്രീയബോധമുള്ളവര്‍ക്ക് ആവേശം പകരുന്നതാണ് അദ്ദേഹത്തിന്റെ സാന്നിധ്യം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ നമുക്കും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ മുട്ടുകുത്തുകയില്ല, നമ്മള് നിശബ്ദരാകാനും പോകുന്നില്ല-മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്രോത്സവ വേദിയില്‍ മുന്‍ വര്‍ഷങ്ങളില്‍ വന്നുപോയ പ്രകാശ് രാജിനെപ്പോലെയുള്ളവര് പറഞ്ഞത് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഒരേയൊരിടം കേരളമാണ് എന്നാണ്. സമഗ്രാധിപത്യത്തിനും ഫാസിസത്തിനും മുന്നില്‍ മുട്ടുകുത്താതെ വഴങ്ങാതെ നിവര്ന്നുനില്ക്കാനും അഭിപ്രായം പറയാനുമുള്ള നിശ്ചയദാര്‍ഢ്യം നേടാന്‍ സോളാനസിനെപ്പോലെയുള്ളവരുടെ സിനിമകള്‍ നമ്മളെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.