കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മലയാള ചലച്ചിത്ര നിർമാതാക്കളുടെ വീടുകളിലും അവരുടെ വസ്തുക്കളിലും റെയ്ഡ് നടത്തിയിരുന്നു. ഡിസംബർ 15 വ്യാഴം രാവിലെ ഏഴര മണിക്ക് ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച പകൽ നാലര മണി വരെ നീണ്ടു. നടനും നിർമാതാവുമായ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, ബാദുഷ, സുബൈർ എന്നിവരാണ് റെയ്ഡിൽ ഉൾപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ മികച്ച ചിത്രങ്ങളും വിതരണവും നടന്ന വർഷം കൂടിയാണ് 2022. KGF ചാപ്റ്റർ 2, 777 ചാർളി, കാന്താര സിനിമകളുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസിനായിരുന്നു. ജനഗണമന, കുമാരി, ഗോൾഡ് സിനിമകൾ നിർമ്മിച്ചു. 'ബ്രോ ഡാഡി' സിനിമയുടെ പ്രൊജക്റ്റ് ഡിസൈൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെതായിരുന്നു
റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിന്നും ചില നിർണായകമായ ഡിജിറ്റൽ രേഖകൾ ലഭിച്ചു എന്ന് ആദായനികുതി വിഭാഗത്തിൽ നിന്നും വിവരമുണ്ട്. സിനിമാ മേഖലയിലെ ചില പണമിടപാടുകാരുടെയും വിതരണക്കാരുടെയും ഇടപാടുകളും അന്വേഷിച്ചുവരുന്നുണ്ട്. കേരളത്തിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച റെയ്ഡിൽ തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായാണ് പൂർത്തിയാക്കിയത്
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ്, ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസ്, ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും ലിസ്റ്റിൻ സ്റ്റീഫനും ആദായ നികുതി ഓഫീസിൽ രേഖകൾ നേരിട്ട് ഹാജരാക്കിയിരുന്നു