ചെന്നൈ: 'ആയിരത്തിൽ ഒരുവന്' രണ്ടാം ഭാഗം ബജറ്റ് കൂടിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചെന്ന പ്രചരണം നിഷേധിച്ചതിന് പിന്നാലെ വന്‍ വെളിപ്പെടുത്തലുമായി സംവിധായകന് സെല്വരാഘവന്. കാര്‍ത്തി നായകനായ ആയിരത്തില്‍ ഒരുവന് ഒന്നാം ഭാഗത്തിന് 32 കോടി ചെലവായെന്നത് കള്ളമായിരുന്നുവെന്ന് സംവിധായകന് വെളിപ്പെടുത്തി. 18 കോടിയാണ് സിനിമയ്ക്കായി ആകെ ചെലവായത്.
പ്രീ പ്രൊഡക്ഷന്‍ മാത്രം കോടികള്‍ ചെലവായതിനെ തുടര്‍ന്ന് ഈ പ്രൊജക്ട് ഉപേക്ഷിച്ചെന്നായിരുന്നു സമീപ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍. ശെല്വരാഘവന് ധനുഷിനൊപ്പം മറ്റൊരു സിനിമയിലേക്ക് കടന്നതായും അഭ്യൂഹമുണ്ടായി. പിന്നാലെ വിശദീകരണവുമായി സെല്വരാഘവൻ രംഗത്തെത്തി. 'എപ്പോഴാണ് സിനിമയുടെ പ്രീ പ്രൊക്ഷന്‍ നടന്നതെന്ന് പറയാമോ, എല്ലാ ബഹുമാനത്തോട് കൂടിയും ചോദിക്കട്ടെ. ആരാണ് അഞ്ജാതനായ ആ പ്രൊഡ്യൂസര്‍. നിങ്ങളുടെ വാര്‍ത്താ സ്രോതസ് ദയവായി ഒന്ന് പരിശോധിക്കൂ.'
ആയിരത്തിൽ ഒരുവൻ രണ്ടാം ഭാഗത്തിൽ യുവന് ഷങ്കര്‍ രാജ സംഗീത സംവിധാനവും അരവിന്ദ് കൃഷ്ണ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. കാര്‍ത്തി അവതരിപ്പിച്ച മുത്തു രക്ഷപ്പെടുത്തിയ ചോളരാജകുമാരനായാണ് രണ്ടാം ഭാഗത്തില്‍ ധനുഷ് എത്തുക. നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ദ ഗ്രേ മാൻ, ഹിന്ദി സിനിമ അടരംഗി രേ, കാര്‍ത്തിക് നരേന് ചിത്രം എന്നിവയാണ് ധനുഷിന്റെ വരാനിരിക്കുന്ന സിനിമകള്‍.
കാർത്തി, റീമ സെൻ, ആൻഡ്രിയ ജെർമിയ, പാർത്ഥിപൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആയിരത്തിൽ ഒരുവൻ 2010ലാണ് റിലീസ് ചെയ്തത്. 2007 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ചുവെങ്കിലും വിവിധ കാരണങ്ങളാൽ ചിത്രത്തിന്റെ നിർമ്മാണം തടസ്സപ്പെട്ടു. ചാലക്കുടി, ജയ്സാൽമീർ, രാജസ്ഥാൻ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രം ആറ് ആഴ്ചകൾക്കുശേഷം യുഗാനികി ഒക്കഡു എന്ന പേരിൽ തെലുങ്കിലും പ്രദർശനത്തിനെത്തി. 2017-ൽ കാഷ്മോരാ 2 എന്ന പേരിൽ ഹിന്ദിയിലേക്കും ചിത്രം മൊഴിമാറ്റുകയുണ്ടായി.