മലയാള സിനിമ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുവെന്നും ചില അഭിനേതാക്കൾ പ്രശ്നം സൃഷ്ടിക്കുകയുമാണെന്ന് ഫെഫ്ക (FEFKA) ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് അടുത്തിടെ പറഞ്ഞിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാൽ എഡിറ്റ് ചെയ്ത് ഉടൻ കാണണം എന്ന് ചിലർ ആവശ്യപ്പെടുന്നു. ചില നടൻമാർ അവർ ആവശ്യപ്പെടുംപോലെ റീഎഡിറ്റ് ചെയ്യാൻ നിർദേശിക്കുന്നു. ഇത് സംവിധായകന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നായിരുന്നു ബി.ഉണ്ണികൃഷ്ണന് വെളിപ്പെടുത്തിയത്.
എന്നാല്‍ മലയാളത്തിലെ യുവനടന്മാരെ കുറിച്ചുള്ള ബി. ഉണ്ണികൃഷ്ണന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അഭിലാഷ് വിസി. ആളൊരുക്കം സഭാഷ് ചന്ദ്രബോസ് തുടങ്ങിയ സിനിമകള്‍ ഒരുക്കിയ അദ്ദേഹം യുവനടന്മാരില് ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
ഒരു സിനിമയിൽ ക്രിയേറ്റിവിറ്റിയുടെ അവസാന വാക്ക് സംവിധായകനാണെന്ന് വിശ്വസിക്കുന്ന, പ്രൊഡ്യൂസറുടെ ഓരോ തുട്ട് പണത്തിനും വിലയുണ്ടെന്ന് കരുതുന്ന, പാതിരാത്രി ഷൂട്ട് കഴിഞ്ഞാലും അതീവരാവിലെ വിത്ത് മേക്കപ്പിൽ അടുത്ത ഷോട്ടിനായി ഹാജരാവുന്ന, ലഹരി ഭ്രമങ്ങളിൽ അടിമപ്പെടാത്ത, വിഷ്ണുവിനെ പോലുള്ളവരിലാണ് എൻ്റെ പ്രതീക്ഷ.
വേറെയും ഒരുപാട് വിഷ്ണുമാരുള്ള ഇൻഡസ്ട്രിയാണിത്. നിർമ്മാതാവിനും സംവിധായകനും ആത്യന്തികമായി സിനിമയ്ക്കും കഥാ പാത്രത്തിനും മൂല്യം കൽപ്പിക്കുന്ന അഭിനേതാക്കളെ മാത്രമേ ഇനി സ്വന്തം സിനിമയിൽ വിശ്വസിക്കുന്ന സംവിധായകർക്കും നിർമ്മാതാക്കൾക്കും ആവശ്യമുള്ളൂ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഇന്ന് മലയാള സിനിമയിലുള്ളൂ എന്നാണ് അഭിലാഷ് പറഞ്ഞത്.