അല്ലു അര്‍ജുനെ പ്രധാന കഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ ദ റൈസ് നേടിയ വന്‍ വിജയത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദേവിശ്രീ പ്രസാദ് ഒരുക്കിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതില്‍ സാമന്ത ഐറ്റം ഡാന്‍സറായി എത്തിയ ' ഉ അണ്ടവാ' എന്ന ഗാനം ഇന്ത്യയൊട്ടാകെ തരംഗമായി.
സാമന്തയുടെ ചടുലമായ നൃത്ത ചുവടുകളും ഹരംപിടിപ്പിക്കുന്ന സംഗീതവും പുഷ്പയുടെ വിജയത്തിന് മുതല്‍ക്കൂട്ടായി. എന്നാല്‍ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിലാണ് താന്‍ പുഷ്പയിലെ ഗാനരംഗം അവതരിപ്പിച്ചതെന്ന് സാമന്ത അടുത്തിടെ പറഞ്ഞിരുന്നു. തന്റെ പുതിയ സിനിമയായ ശാകുന്തളത്തിന്റെ പ്രോമോഷനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
'വിവാഹമോചനം കഴിഞ്ഞതോടെ വീട്ടില്‍ ഇരിക്കാനാണ് അവര്‍ പറഞ്ഞത്. വെല്ലുവിളികളെ അതിജീവിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കള്‍ പോലും എന്നെ ആ ഗാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചു. പക്ഷെ ചെയ്യണം എന്നായിരുന്നു എന്റെ നിലപാട്. ഞാന്‍ എന്തിന് ഒളിച്ചിരിക്കണം എന്നതായിരുന്നു അപ്പോഴത്തെ എന്റെ ചിന്ത'- സാമന്ത പറഞ്ഞു.