തെലുങ്ക് സൂപ്പര്‍ താരം പ്രഭാസിന് (prabhas) ഇന്ന് 42-ാം പിറന്നാള്‍. വെങ്കട് സൂര്യനാരായണ പ്രഭാസ് രാജു എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരെങ്കിലും പ്രഭാസ് എന്നാണ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. തെലുങ്ക് സിനിമാ ലോകത്ത് (Tollywood)തന്റേതായ സ്ഥാനമുറപ്പിക്കാന്‍ പ്രഭാസിന് മുതല്‍ക്കൂട്ടായുള്ളത് അദ്ദേഹത്തിന്റെ ഒത്ത ശരീരവും ഉയരവും തന്നെയാണ്.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് പ്രഭാസ്. ജനപ്രീതി കൊണ്ടും ഓരോ സിനിമയ്ക്കും വാങ്ങുന്ന പ്രതിഫലം കൊണ്ടും മൂന്ന് തവണയാണ് അദ്ദേഹം ഫോര്‍ബ്സ് ഇന്ത്യ സെലിബ്രിറ്റി 100 ലിസ്റ്റിൽ സ്ഥാനം നേടിയത്. 2002ല്‍ പുറത്തിറങ്ങിയ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് സിനിമാ ലോകത്തേക്ക് ചുവടുവെയ്ക്കുന്നത്.
ഛത്രപതി, മിര്‍ച്ചി, വര്‍ഷം, ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ബാഹുബലി (bahubali) എന്നിവയാണ് പ്രഭാസിന്റെ താരസിംഹാസനം ഊട്ടിയുറപ്പിക്കുന്ന ചിത്രങ്ങള്‍. ഒട്ടുമിക്ക ചിത്രങ്ങളിലൂടെയും പ്രഭാസ് പ്രശസ്തനാണെങ്കിലും മലയാളികള്കളുള്പ്പെടെ അദ്ദേഹത്തിനെ ഏറ്റെടുത്തത് എസ്.എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെയാണ്.
അറുപത്തി മൂന്നാമത് ദേശീയ സിനിമാ അവാര്‍ഡില്‍ ബാഹുബലി ഒന്നാം ഭാഗത്തിന് മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ അറുപത്തി അഞ്ചാമത് ദേശീയ ഫിലിം അവാര്‍ഡില്‍ ബാഹുബലി രണ്ടാം ഭാഗം സ്വന്തമാക്കിയത് മൂന്ന് അവാര്‍ഡുകളാണ്. മികച്ച സ്റ്റണ്ട് കൊറിയോഗ്രഫി, മികച്ച സ്പെഷല്‍ എഫക്ട്, മികച്ച ചിത്രം എന്നീ അവാര്‍ഡുകളാണ് ചിത്രം കരസ്ഥമാക്കിയത്.
എസ്.എസ് രാജമൗലി തന്നെയാണ് ചത്രപതിയും സംവിധാനം ചെയ്തത്. ശ്രിയ ശരണ്‍ ആയിരുന്നു സിനിമയിൽ പ്രഭാസിന്റെ നായിക. ഷാഫി, ഭാനുപ്രിയ, പ്രദീപ് റാവത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ചത്രപതിക്കായി 53-ാമത് സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡിലേക്ക് പ്രഭാസിനെ നോമിനേറ്റ് ചെയ്തിരുന്നു.
തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രമായ മിര്‍ച്ചി സംവിധാനം ചെയ്തത് കൊര്‍ത്തല ശിവയാണ്. പ്രഭാസ്, അനുഷ്ക ഷെട്ടി, റിച്ച ഗംഗോപദ്യായ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2013ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ തെലുങ്ക് ചിത്രം കൂടിയായിരുന്നു മിര്‍ച്ചി. മൂന്നാമത് സൗത്ത് ഇന്ത്യന്‍ മൂവി അവാര്‍ഡില്‍ മികച്ച നടന് (തെലുങ്ക്), 61-ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച നടന്, 2013 നന്ദി അവാര്‍ഡില്‍ മികച്ച നടന് എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് പ്രഭാസ് ഈ ചിത്രത്തിലൂടെ നേടിയത്.
എം.എസ് രാജു സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ചിത്രമാണ് വര്‍ഷം. 2004ല്‍ തെലുങ്ക് സിനിമാ മേഖലയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണ് വര്‍ഷം. ത്രിഷ, ഗോപിചന്ദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. 52-ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡിലേക്ക് പ്രഭാസിനെ മികച്ച നടനായി നോമിനേറ്റ് ചെയ്തിരുന്നു.