2014ൽ ജോർജിയയിൽ മെഡിക്കൽ പഠനം നടത്തുന്നതിനിടെയാണ് 'പ്രേമ'ത്തിലെ മലർ മിസ്സാകാൻ സംവിധായകൻ അൽഫോൺസ് പുത്രൻ സായി പല്ലവിയെ ക്ഷണിക്കുന്നത്. അവധി സമയത്ത് നാട്ടിലെത്തി, സിനിമയില്‍ അഭിനയിച്ചശേഷം പഠനം പൂർത്തിയാക്കാൻ താരം ജോർജിയയിലേക്ക് മടങ്ങി. പ്രേമം റിലീസായതോടെ 'മലർ മിസ്' ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ വർഷത്തെ മികച്ച പുതുമുഖ നായികക്കുള്ള ഫിലിം ഫെയർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ അവാർഡുകൾ താരത്തെ തേടി വന്നു. 2005ൽ പുറത്തിറങ്ങിയ കസ്തൂരിമാനിലും 2008ൽ പുറത്തിറങ്ങിയ ധാംധൂമിലും ബാലതാരമായി സായി പല്ലവി അഭിനയിച്ചിരുന്നു.
2015ൽ മലയാളത്തിലെ രണ്ടാമത്തെ സിനിമയായ 'കലി'യിൽ അഭിനയിക്കാൻ വീണ്ടും പഠനത്തിൽ നിന്നും ഇടവേളയെടുത്തു. 2016ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രത്തിൽ അഞ്ജലി എന്ന കഥാപാത്രകത്തെയാണ് സായി പല്ലവി അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നാമനിർദേശപട്ടികയിലും ഈ ചിത്രത്തിലൂടെ സായി പല്ലവി ഇടംപിടിച്ചു. നീലഗിരിയിലെ കോട്ടഹിരി എന്ന ഗ്രാമത്തിൽ നിന്നും വെള്ളിത്തിരയിലെത്തുന്ന ആദ്യനായികയാണ് സായി പല്ലവി.
വെട്രിമാരൻ സംവിധാനം ചെയ്ത ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജി ഫിലിം സീരീസായ പാവ കഥൈകളിലെ ഊർ ഇരവു എന്ന സിനിമയിലും സായി പല്ലവി അഭിനയിച്ചു. 2021-ൽ നാഗ ചൈതന്യയ്ക്കൊപ്പം ലവ് സ്റ്റോറി എന്ന റൊമാന്റിക് സിനിമയിൽ അഭിനയിച്ചു. നാനിയ്ക്കൊപ്പം ശ്യാം സിംഗ റോയിയിലും മികച്ച പ്രകടനം നടത്തി. (Images credit- @Saipallavi instagram)