ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് നേടിയ ജീവിതമാണ് അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും. വിവാഹിതനും പിതാവുമായ സിനിമാ നിർമ്മാതാവിന്റെയും സിനിമാ മേഖലയിൽ കത്തി നിൽക്കുന്ന സൗന്ദര്യ റാണിയുടേയും പ്രണയം സിനിമാ മേഖലയെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയുരുന്നു. എന്നാൽ അന്ന് ശ്രീദേവിയുടെ മനസ്സിലിടം നേടാൻ ബോണി കപൂറിന് ഒരുപാട് ശ്രമിക്കേണ്ടി വന്നു
ബോണിയുടെ അറുപത്തിയഞ്ചാം പിറന്നാളിനാണ് ആ പ്രണയ കഥ പൊടിനീക്കി ഒരിക്കൽക്കൂടി പുറത്തു വരുന്നത്. മിസ്റ്റർ ഇന്ത്യ എന്ന സിനിമയിൽ ശ്രീദേവിയെ നായികയാക്കുക എന്ന തീരുമാനം ബോണിയുടേതായിരുന്നു. അന്ന് ശ്രീദേവിയുടെ കരിയറും പ്രതിഫലവുമെല്ലാം കൈകാര്യം ചെയ്തിരുന്നത് അവരുടെ അമ്മയാണ്. അതുകൊണ്ടു തന്നെ അമ്മയ്ക്ക് മുന്നിൽ ഒരു നല്ല ഇമേജ് സൃഷ്ടിക്കുകയായിരുന്നു ആദ്യ കടമ്പ
അന്നത്തെ നായികമാരിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന താരമാണ് ശ്രീദേവി. ഒരു സിനിമയ്ക്ക് എട്ടു മുതൽ എട്ടര ലക്ഷം രൂപ വരെയായിരുന്നു ശ്രീദേവി വാങ്ങിയിരുന്നത്. എന്നാൽ താൻ 11 ലക്ഷം തരാമെന്നായി ബോണി. ബോംബെയിൽ നിന്നുള്ള ഏതോ ഭ്രാന്തൻ നിർമ്മാതാവെന്നു ശ്രീദേവിയുടെ അമ്മയ്ക്ക് ആദ്യം തോന്നിയെങ്കിലും അത് അവരുമായി അടുക്കാനുള്ള ബോണിയുടെ തന്ത്രം കൂടിയായിരുന്നു
2013ൽ നടന്ന ഇന്ത്യ ടുഡേ ഉച്ചകോടിയിലാണ് ബോണി ഇക്കാര്യം വെളിപ്പെടുത്തിയത്. മിസ്റ്റർ ഇന്ത്യയുടെ ഷൂട്ടിങ്ങിനിടെ ബോണി ശ്രീദേവിക്കായി എല്ലാവിധ മുന്തിയ സൗകര്യങ്ങളും ഒരുക്കി. മികച്ച മേക്കപ്പ് റൂം മുതൽ നല്ല വസ്ത്രങ്ങൾ വരെയെല്ലാം ബോണി ശ്രീദേവിക്കായി ഒരുക്കി കാത്തിരുന്നു. അന്ന് നിർമ്മാതാവ് മോനാ ഷൂരിയുമായി വിവാഹിതനായിരുന്നു ബോണി
താൻ ശ്രീദേവിയുമായി പ്രണയത്തിലാണ് എന്ന കാര്യം ആദ്യ ഭാര്യയോട് പറയേണ്ടി വന്നു. ഒരുവിധത്തിലും അതിൽ നിന്നും മോചിതനാവാൻ ബോണിക്ക് കഴിഞ്ഞിരുന്നില്ല. ശ്രീദേവി സ്വിട്സര്ലാണ്ടിൽ പോയപ്പോൾ ബോണി ഒപ്പം കൂടി. ചാന്ദിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ സ്നേഹം തിരികെ ലഭിക്കാൻ ആരംഭിച്ചതും ഇവിടെ നിന്നാണ്
ആത്മാർത്ഥമായി പരിശ്രമിക്കുന്ന വ്യക്തി എന്ന് തന്നെ കുറിച്ച് ശ്രീദേവിക്ക് തോന്നിയിരിക്കാം എന്ന് ബോണി. വെറുമൊരു നേരമ്പോക്കിനല്ല ശ്രീദേവിയുടെ പിന്നാലെ കൂടിയതെന്നു മനസ്സിലായിട്ടുണ്ടാവുമെന്നു ബോണി പറഞ്ഞു. 1996 ലാണ് ശ്രീദേവി-ബോണി കപൂർ വിവാഹം. ഇവർക്ക് രണ്ടു പെണ്മക്കളുണ്ട്; ജാൻവിയും ഖുശിയും. ജാൻവി അഭിനയ മേഖലയിൽ സജീവമാണ്. 2018ൽ ദുബായിയിൽ വച്ചാണ് ശ്രീദേവിയുടെ മരണം