നിശ്ചയദാർഢ്യത്തോടെയും അസാധാരണമായ നേതൃശേഷിയോടെയുമാണ് ഇന്നസെന്റ് 18 വർഷത്തോള കാലം താരസംഘടനയായ അമ്മയെ നയിച്ചത്. ഇതിനിടെ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും വിമർശനങ്ങളും ഉയർന്നുവന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും സ്വതസിദ്ധമായ നർമത്തിലൂടെ അനായാസം മറികടന്നാണ് ഇന്നസെന്റ് അമ്മയെ മുന്നോട്ട് നയിച്ചത്. ഇപ്പോഴിതാ, ഇന്നസെന്റിന്റെ നേതൃശേഷി വെളിപ്പെടുത്തുന്ന ഒരു സംഭവമാണ് നടനും എം.എൽഎയുമായ കെ ബി ഗണേഷ് കുമാർ വെളിപ്പെടുത്തുന്നത്.
''വേറൊരു ഭാഷയിലും അത്തരത്തിലൊരു സിനിമയുണ്ടായിട്ടില്ല. ട്വന്റി 20 ഉണ്ടായതിന്റെ നൂറ് ശതമാനം ക്രെഡിറ്റും ഇന്നസെന്റ് ചേട്ടനുള്ളതാണ്. ഷൂട്ടിംഗ് സമയത്ത് ആരെങ്കിലും വരാൻ തടസം കാണിച്ചാൽ, നീ പോണം പോയി അഭിനയിക്കണം എന്നു പറയും. മമ്മൂട്ടിയോടാണെങ്കിൽ, പോയി അഭിനയിച്ചേ പറ്റത്തുള്ളൂ മമ്മൂട്ടി എന്ന് പറയാൻ കാണിച്ച ചങ്കൂറ്റവും കാരണവർ സ്ഥാനവും അദ്ദേഹത്തിനുണ്ടായിരുന്നു''- ഗണേഷ് കുമാർ പറഞ്ഞു.
സിനിമാ ജീവിതത്തിൽ മറക്കാൻ പറ്റാത്ത വ്യക്തിത്വമാണ് ഇന്നസെന്റ് എന്ന് ഗണേശ് കുമാർ പറയുന്നു. അദ്ദേഹത്തിന്റെ ഹാസ്യം മറ്റൊരു ശൈലിയാണ്. മലയാള സിനിമയിൽ കണ്ടിട്ടുള്ളതും കണ്ടുകൊണ്ടിരിക്കുന്നതുമായ ഹാസ്യത്തിൽ നിന്ന് വ്യത്യസ്തമായി ഇന്നസെന്റ് ചേട്ടന്റെ ശൈലി അദ്ദേഹം ഉണ്ടാക്കിയെടുത്തു. ലോകത്ത്, അവനവനെ കുറിച്ചുതന്നെ തമാശയുണ്ടാക്കിയിട്ടുള്ള വ്യക്തിത്വം ഇന്നസെന്റ് മാത്രമായിരിക്കുമെന്നും ഗണേശ് പറഞ്ഞു.
എം.ജി സോമൻ മരിച്ചതോടെ 'അമ്മ'യുടെ അടുത്ത പ്രസിഡന്റിനായുള്ള അന്വേഷണം നടന്നു. അപ്പോഴാണ് ഇന്നസെന്റ് ചേട്ടന്റെ പേര് ഉയർന്നുവന്നത്. അന്ന് പലരും കളിയാക്കി തമാശക്കാരനെ പ്രസിഡന്റാക്കി എന്ന് പറഞ്ഞ്. സ്ക്രീനിൽ മാത്രമാണ് ഇന്നസെന്റേട്ടൻ തമാശക്കാരൻ. ഒരു പ്രശ്നമുണ്ടായാൽ എങ്ങനെ പരിഹരിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. ഈഗോയുള്ള കലാകാരന്മാരെ ഒരുമിപ്പിച്ച് ഒരു കൂടാരത്തിൽ കയറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത് ഇന്നസെന്റേട്ടൻ നന്നായി ചെയ്തുവെന്നും ഗണേഷ് പറഞ്ഞു.